മലബാര്‍ ക്രാഫ്റ്റ് മേള ഇന്നു തീരും

0
51

കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്നുവരുന്ന ഏഴാമത് മലബാര്‍ ക്രാഫ്റ്റ്‌സ് മേള ഇന്നവസാനിക്കും.ഫെബ്രുവരി 24ന് ആരംഭിച്ച മേളയില്‍ പ്രതിദിനം 15000 ത്തോളം സന്ദര്‍ശകരാണെത്തിയത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിനകത്തുള്ള കലാകാരന്മാര്‍ക്കു 50 ലക്ഷം രൂപയുടെ കച്ചവടം നടന്നു.കേരളത്തിനു പുറത്തു നിന്നെത്തിയവര്‍ക്കു രണ്ടു കോടി രൂപയുടെ കച്ചവടമാണ് ലഭിച്ചത്.കേരളത്തിലെ പരമ്പരാഗത കരകൗശല കൈത്തറി തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വിപണി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ മേള സംഘടിപ്പിച്ചത്. പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച 151 കുടിലുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്. ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, മണിപ്പൂര്‍, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, പഞ്ചാബ് തുടങ്ങി 22 സംസ്ഥാനങ്ങളില്‍ നിന്നായി 211 കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സാരികള്‍, ബീഹാറില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍, ഗുജറാത്തിലെ ബാഗുകള്‍, മധ്യപ്രദേശിലെ ആഭരണങ്ങള്‍, മഹാരാഷ്ട്രയിലെ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനുള്ളത്.ആറന്മുള കണ്ണാടി, ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, മുളയുല്‍പ്പന്നങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ ശില്‍പങ്ങള്‍ തുടങ്ങിയവയുമായി കേരളത്തില്‍ നിന്നും 85 പരമ്പരാഗത കരകൗശല കൈത്തറി വിദഗ്ധരാണ് മേളയിലുള്ളത്. ഇത്തവണ മേളയില്‍ സന്ദര്‍ശകരെ ഏറ്റവും ആകര്‍ഷിച്ചത് ശ്രീലങ്കയില്‍ നിന്നുള്ള കലാകാരന്മാരും അവരുടെ ഉല്‍പ്പന്നങ്ങളുമാണ്. ശ്രീലങ്കയില്‍ നിന്നും 10 കരകൗശല വിദഗ്ധരാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.