കേരളക്കരയെ നിരാശനാക്കിയില്ല ; കുഞ്ഞ് മുഹമ്മദ് തിരിച്ചെത്തി

  0
  83

  കുഞ്ഞ് മുഹമ്മദിനായി കേരളം കൈകോര്‍ത്ത ദൗത്യം ഫലം കണ്ടു. ഒരു രാത്രി മുഴുവന്‍ കേരളക്കരയാകെ ഉറക്കൊഴിഞ്ഞ് ഗതാഗതം സുഗമമാക്കി ജനുവരി 5ന് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 8 മണിക്കൂര്‍ കൊണ്ട് ഒരു യാത്രയിലൂടെ ശ്രീചിത്രയില്‍ എത്തിയ മുഹമ്മദ് എന്ന കുഞ്ഞ് പൂര്‍ണസുഖം പ്രാപിച്ച് തിരികെ നാട്ടിലെത്തി. കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശികളായ ഷറഫുദ്ദീന്‍-ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ്. ജനുവരി 2ന് മംഗലാപുരം നഴ്‌സിങ് ഹോമില്‍ ആയിഷ ജന്മം നല്‍കിയ ഇരട്ടക്കുഞ്ഞുങ്ങളായ മുഹമ്മദിനെയും ഫാത്തിമയെയും കൈകളിലേന്തി ഇന്ന് രാവിലെ മാവേലിയില്‍ നിന്ന് കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ബന്ധുക്കളും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. കേരളക്കരയാകെ ഉറക്കൊഴിഞ്ഞ് വഴിയോരം സുഗമമാക്കി യാത്ര തിരിക്കുകയും കൊല്ലത്തെത്തുമ്പോള്‍ ഓക്‌സിജന്‍ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലാവുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഓക്‌സിജന്‍ അളവ് ക്രമീകരിച്ചാണ് യാത്ര തുടര്‍ന്നത്. ജന്മനാ ഹൃദയവാള്‍വ് തകരാറോടെയാണ് ഇരട്ടകളില്‍ മുഹമ്മദ് ജനിച്ചത്. ശ്വസോച്ഛ്വാസം എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കി. മംഗലാപുരത്തെയും എറണാകുളത്തെയും വിവിധ സ്വകാര്യആശുപത്രികളില്‍ ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ടിങ് നടത്തി. ഓപറേഷന്‍ നടത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനമാണെന്ന് ഉറപ്പിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ ബന്ധുക്കളും മാതാപിതാക്കളും ധര്‍മസങ്കടത്തിലായി. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമാണ് ശ്രീചിത്രയില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. പിന്നീട് 10.15ന് കെഎംസിസിയുടെ അത്യാധുനിക സംവിധാനമുള്ള ആംബുലന്‍സില്‍ ഡ്രൈവര്‍മാരായ അബ്ദുല്ല, ഹാരിസ് എന്നിവര്‍ ചേര്‍ന്ന് മംഗലാപുരത്ത് നിന്ന് തിരിച്ച ദൗത്യം രാവിലെ 6.30നു അവസാനിച്ചു. കുഞ്ഞിനെ മാറോടണച്ച് നഴ്‌സ് അശ്വന്തും പങ്കാളിയായി. യാത്രക്കിടയില്‍ കൊല്ലത്ത് വച്ച് ഓക്‌സിജന്‍ അളവ് ക്രമാതീതമായി കുറഞ്ഞത് ദൗത്യത്തിന് നേത്യത്വം നല്‍കിയവരെ ആശങ്കയിലാക്കി. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ നിന്ന് അടിയന്തിരസേവനം നല്‍കി. 7നു രാത്രി 8 മണിക്കൂര്‍ നീണ്ട ഓപറേഷന്‍ പ്രാര്‍ത്ഥന എല്ലാം ഫലിച്ചു. 32 ദിവസത്തെ ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ കുട്ടികള്‍ തിരികെയെത്തി.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.