ഇനി വെള്ളിത്തിരയില്‍ ജഗതിമയം

0
92

ഏഴ‌ു വര്‍ഷത്തെ ഇടവേളയ‌്ക്ക‌ുശേഷം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ സിനിമാ അഭിനയജീവിതത്തിലേക്ക‌് തിരിച്ചെത്തി. ശരത‌് ചന്ദ്രന്‍ നിര്‍മിച്ച‌് സംവിധാനംചെയ്യുന്ന ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ‌് ജഗതിയുടെ സിനിമാ മേഖലയിലേക്കുള്ള തിരിച്ചുവരവ‌്. ഈവര്‍ഷം മൂന്ന‌് സംസ്ഥാന അവാര്‍ഡ‌് കരസ്ഥമാക്കിയ ‘ഒരു ഞായറാഴ‌്ച’ എന്ന ചിത്രം നിര്‍മിച്ചത‌് ശരത‌് ചന്ദ്രനായിരുന്നു.

മുരളിചന്ദ‌്, ഭരത‌്, റേച്ചല്‍ ഡേവിഡ‌്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍‌, കൈലാഷ‌്, ആദിയ പ്രസാദ‌്, സോന നായര്‍, നോബി എന്നിവരാണ‌് ചിത്രത്തിലെ മറ്റ‌് പ്രധാന താരങ്ങള്‍. പി കെ ശ്രീകുമാര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം ഉടന്‍ പുറത്തുവിടുമെന്ന‌് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തില്‍ ഹരിനാരായണന്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ക്ക‌് സംഗീതം നല്‍കുന്നത‌് എം ജയചന്ദ്രനാണ‌്. ഈവര്‍ഷം ജഗതി സിനിമാ മേഖലയില്‍ കൂടുതല്‍ സജീവമാകുമെന്നാണ‌് റിപ്പോര്‍ട്ട‌്.

മകന്‍ രാജ‌്കുമാറിന്റെ പരസ്യക്കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ‌്ന്‍മെന്റ‌്സ‌് ചിത്രീകരിച്ച പരസ്യത്തിലൂടെ അഭിനയരംഗത്തേക്ക‌് ജഗതി രണ്ടാംവരവ‌് നടത്തിയിരുന്നു. വാട്ടര്‍തീം പാര്‍ക്കിന്റെ പരസ്യത്തിലാണ‌് അദ്ദേഹം അഭിനയിച്ചത‌്. ജഗതി ശ്രീകുമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കൂടുതല്‍ വിവരം വൈകാതെ പുറത്തുവിടുമെന്നും രാജ‌്കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്തുണ്ടായ കാറപകടത്തിലാണ‌് ജഗതിക്ക‌് ഗുരുതരമായി പരിക്കേറ്റത‌്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ‌്ക്ക‌ു ശേഷമാണ‌് അദ്ദേഹം അഭിനയരംഗത്തേക്ക‌് തിരിച്ചെത്തിയത‌്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന‌് വേഗം കൂടുമെന്ന‌് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും മകന്‍ രാജ‌്കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.