കലങ്ങി മറിഞ്ഞ് ബി ജെ പി

0
136

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുമ്പോഴും സീറ്റ് വിഭജനം പോലും പൂര്‍ത്തിയാക്കാനാകാതെ ബി ജെ പിയും എന്‍ ഡി എയും. പ്രധാനമായും അഞ്ച് സീറ്റ് കേന്ദ്രീകരിച്ച്‌ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. ചില നേതാക്കളുടെ ഇഷ്ട സീറ്റുകള്‍ പിടിക്കാനുള്ള ചരടുവലികളെ തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ച പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതിനിടെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ഒ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ദേശീയ സമിതിയംഗങ്ങളായ പി കെ കൃഷ്ണദാസും, സി കെ പത്മനാഭനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.രാജഗോപാല്‍ വടക്കന്‍ മണ്ഡലങ്ങളിലും പി കെ കൃഷ്ണദാസ് മധ്യമേഖലയിലും സി കെ പത്മനാഭന്‍ തെക്കന്‍ മണ്ഡലങ്ങളിലുമാണ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച്‌ അഭിപ്രായം തേടുന്നത്. മണ്ഡലം പ്രസിഡന്റുമാരില്‍ നിന്നും ജില്ലാ ഭാരവാഹികളില്‍ നിന്നും പ്രത്യേകമായി അഭിപ്രായങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് താഴേതട്ടിലെ അഭിപ്രായങ്ങള്‍ സമാഹരിച്ച്‌ ആര്‍ എസ് എസിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക. പട്ടിക കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി സത്യകുമാര്‍ വഴി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കും.അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര നേതാക്കളായ രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ്, സദാനന്ദ ഗൗഡ തുടങ്ങി നേതാക്കളുടെ വന്‍നിര കേരളത്തിലെത്തുന്നുണ്ട്. ഇതിനു മുൻപ് തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ സമവായത്തിലെത്തണമെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.