തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയിട്ടും ബി.ജെ.പിയിലെ പോര് അവസാനിക്കുന്നില്ല!!

0
79

ലോക്സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയിട്ടും ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള പോരിന് അയവില്ല.സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ഒരു വശത്തും വി. മുരളീധരനും കെ. സുരേന്ദ്രനും മറുവശത്തും നില്‍ക്കുകയാണ്.ബി.ജെ.പി രാജ്യത്തൊട്ടാകെ നടത്തിയ വിജയസങ്കല്‍പ്പ് റാലിയുടെ കോഴിക്കോട്ടെ സമാപന വേദിയുടെ അരികിലുണ്ടായിട്ടും ഉദ്ഘാടകനായ കെ. സുരേന്ദ്രന്‍ വിട്ടുനിന്നത് പാര്‍ട്ടിക്കുളളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ബി.ജെ.പി ദേശീയ നേത്യത്വം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജ്യം മുഴുവന്‍ ഒരേ സമയം നടത്തുന്ന പരിപാടികളിലൊന്നായിരുന്നു വിജയസങ്കല്‍പ്പ യാത്ര. കോഴിക്കോട് വെച്ച് സംസ്ഥാന തല ഉദ്ഘാടനം നടത്തിയത് പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ്.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും. സമാപന സമ്മേളനം നടന്ന മുതലക്കുളം മൈതാനത്തേക്ക് ബൈക്കുകള്‍ എത്തുന്നതിന് തൊട്ട് മുന്‍പ് വരെ സുരേന്ദ്രന്‍ അടുപ്പക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂടി അവിടെയുണ്ടായിരുന്നു. പക്ഷെ സമാപന സമ്മേളന വേദിയില്‍ കയറിയില്ല. പങ്കെടുക്കില്ലെന്ന കാര്യം സംഘാടകരെ അറിയിച്ചിരുന്നുമില്ല. പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസമാണ് വേദിയില്‍ കയറാതെയുള്ള പ്രതിഷേധത്തിന് പിന്നിലെന്നാണ് വിവരം.

നേതൃത്വം പ്രതീക്ഷിച്ചത്ര പങ്കാളിത്തം സമാപന സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ലതാനും. മുരളീധരനും സുരേന്ദ്രനും ഒപ്പം നില്‍ക്കുന്ന പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നുവെന്ന ആരോപണം പിള്ളക്കൊപ്പം നില്‍ക്കുന്നവര്‍ ഉയര്‍ത്തിയിട്ടുണ്ട്.പാര്‍ട്ടിയിലെ വിഭാഗിയത അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേത്യത്വത്തിന് നല്‍കിയത് ഒരാഴ്ച മുന്‍പാണ്.അത് ഫലം കണ്ടില്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ ജില്ലയില്‍ നടന്ന പരിപാടിയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വിട്ടുനിന്നതിലൂടെ തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.