സുമലതയ്ക്കായി മാണ്ഡ്യ!!

0
91

നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയുമായ സുമലതയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കർണാടകത്തിൽ പുതിയ രാഷ്ട്രീയ വിവാദം. ജെ ഡി എസിന്‍റെ സിറ്റിങ്ങ് സീറ്റ് സുമലതയെ മുൻനിർത്തി പിടിച്ചെടുക്കാൻ കോൺഗ്രസ് ലക്ഷ്യമിട്ടതോടെയാണ് വിവാദം തുടങ്ങിയിരിക്കുന്നത്. ദൾ സ്ഥാനാർഥി നിഖിൽ ഗൗഡയ്ക്കെതിരെ എതിർപ്പു പരസ്യമാക്കി മണ്ഡ്യ കോൺഗ്രസ് അണികളിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്‌.നിഖിലിനു പിന്തുണയുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം നിലകൊണ്ടാൽ, സുമലതയുടെ വിജയം ഉറപ്പാക്കുമെന്ന് ഇവർ ന്നറിയിപ്പു നൽകി. ഞായറാഴ്ച മന്ത്രി ഡി.കെ ശിവകുമാർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രാദേശിക നേതാക്കളിൽ ഏറിയപങ്കും പങ്കെടുത്തിയിരുന്നില്ല. ദളിന്റെ ഏജന്റായി ഡി.കെ ശിവകുമാർ മണ്ഡ്യയിലെത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിറ്റി മുനിസിപ്പൽ കൗൺസിൽ മുൻ അംഗവും കോൺഗ്രസ് നേതാവുമായ അനിൽ കുമാർ പറഞ്ഞു. അച്ഛനും അമ്മയും മത്സരിച്ചതു പോലെ നിഖിലും രാമനഗരയിൽ പോയി മത്സരിക്കട്ടെ. മണ്ഡ്യയെ വെറുതെ വിടാൻ ഇവർ തയാറാകണം മണ്ഡ്യയുടെ പ്രശ്നങ്ങളിൽ എല്ലാക്കാലവും അംബരീഷും ഭാര്യ സുമലതയും ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സുമലതയെ പിന്തുണയ്ക്കുമെന്നും അനിൽ കുമാർ പറഞ്ഞു.
എന്നാല്‍ സഖ്യത്തിൽ ഭിന്നിപ്പുണ്ടാക്കാനുളള സാധ്യത മുന്നിൽ കണ്ട് ബി ജെ പിയും അവസരം മുതലെടുക്കാനായി രംഗത്തുണ്ട്. സുമലത മത്സരിച്ചാൽ പിന്തുണക്കുമെന്ന് ബി ജെ പി നേതാവ് ആർ അശോക് പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ചെലുവരായ സ്വാമിയും മണ്ഡ്യയിലെ സിറ്റിങ് ദൾ എംപി എൽ.ആർ ശിവരാമ ഗൗഡയും ബിജെപി നേതാവ് ആർ.അശോകയുമായി ബെംഗളൂരുവിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.ഭരണ സഖ്യം നിഖിലിനു പിന്നിൽ അണിനിരന്നാൽ, സുമലതയെ പിന്തുണയ്ക്കാൻ ബിജെപിയ്ക്കൊപ്പം ഇവരും നിലകൊള്ളാൻ ധാരണയായതായും സൂചനയുണ്ട്.

ജെ‍ ഡി എസിന്‍റെ സിറ്റിങ് സീറ്റാണ് മാണ്ഡ്യയെങ്കിലും 1980 ന് ശേഷം അവിടെ ഏറ്റവും കൂടുതൽ തവണ എം പി ആയത് കോൺഗ്രസ് നേതാവായ അംബരീഷാണ്. മാണ്ഡ്യയുടെ പുത്രനെന്നാണ് അദ്ദേഹത്തിന്‍റെ വിളിപ്പേര്. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ചപ്പോൾ കോൺഗ്രസ് സീറ്റ് ജെ ഡി എസിന് വിട്ടുനൽകി. ഇത്തവണയും അങ്ങനെ തന്നെ തുടരാനായിരുന്നു  കോൺഗ്രസ് തീരുമാനം. എന്നാൽ സുമലതയുടെ വരവോടെ മാണ്ഡ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ  മാറുകയാണ്.

കോൺഗ്രസിലെ ജെ ഡി എസ് വിരുദ്ധചേരി സുമലതയ്ക്ക് വേണ്ടി രംഗത്തെത്തിക്കഴിഞ്ഞു. സീറ്റ് പിടിച്ചെടുക്കാനുളള കോൺഗ്രസ് നീക്കങ്ങളെ എതിർക്കാനാണ് ജെ ഡി എസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.