കഠിനമീ ചൂട് …. ദാഹമകറ്റാൻ വഴിയോര കച്ചവടക്കാർ റെഡി ; പക്ഷെ ഇതുകൂടി അറിയണം ….

0
101

 

ചൂടിന്റെ കാഠിന്യം കൂടിയതോടൊപ്പം ശീതള പാനീയങ്ങള്‍ക്ക് ചെലവ് വര്‍ധിച്ചതോടെ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പനയും പൊടിപൊടിക്കുകയാണ് . ശീതളപാനീയങ്ങളില്‍ രുചി കൂട്ടാനും കളര്‍ ലഭിക്കാനും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായാണ് വിവരം. വേനല്‍ കാലത്ത് ജില്ലയിലെ വിവിധയിടങ്ങളില്‍ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാര്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വഴിയോരങ്ങളില്‍ നേരത്തെ ജ്യൂസാക്കി ഫ്രീസറില്‍ വച്ച്‌ വിൽക്കുന്നവയാണ് കൂടുതല്‍ അപകടകാരി.ഇവ പലതും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത്. കൂടാതെ തുറന്നുവക്കുന്നതിനാല്‍ പ്രാണികള്‍ പറ്റിപ്പിടിക്കാനും സാധ്യത കൂടുതലാണ്. ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികള്‍, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കേണ്ടതാണ്. പക്ഷേ, ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇതാണ് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യുന്നത്.

 

 

റോഡരികിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ് പലപ്പോഴും ജ്യൂസിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ലോഡുകണക്കിനെത്തിക്കുന്ന കരിമ്പ് ഇടനിലക്കാര്‍ വിലക്കെടുത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വഴി ജ്യൂസുണ്ടാക്കി വില്‍ക്കുന്നു. ദേശീയപാതയോരവും റോഡരികുമാണ് ഇവരുടെ താവളം. ദിനം പ്രതി അയ്യായിരത്തോളം രൂപയുടെ കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ ഗുണനിലവാരമില്ലാത്തതും. പാതയോരങ്ങളിലെ ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങളില്‍ 95ശതമാനവും അനധികൃതമാണ്. കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്, കരിമ്പ് , തണ്ണിമത്തന്‍ ജ്യൂസ്, സംഭാരം വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി സ്റ്റാളുകള്‍ നഗരത്തിലും ഗ്രാമീണ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

 

കടുത്ത വേനലില്‍ മനസ് തണുപ്പിക്കാന്‍ ഏവരും ആസ്വദിച്ച്‌ കഴിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. ദാഹം ശമിപ്പിക്കുന്നതിനൊപ്പം താല്‍ക്കാലികമായി വിശപ്പ് മാറാനും ഇത് സഹായിക്കും. പക്ഷേ, ഈ തണ്ണിമത്തന്‍ ജ്യൂസുകളില്‍ രുചി വര്‍ധിപ്പിക്കാനായി സൂപ്പര്‍ ഗ്ലോ എന്ന രാസവസ്തു ചേര്‍ക്കുന്നത് ആരും തന്നെ അറിയുന്നില്ല. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാന്‍ സാക്കറിന്‍, ഡെല്‍സിന്‍ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാല്‍ ഇരട്ടി മധുരവും അല്‍പം ലഹരിയും ഇതിനുണ്ടാകും.പൊടിരൂപത്തില്‍ ലഭ്യമാകുന്ന ഇവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്.

മാംഗ്ലൂരാണ് ഇതിന്റെ പ്രധാന വിപണന കേന്ദ്രം. ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പിടിപെടാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്രഷ് ജ്യൂസില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കരുത് , ജ്യൂസ് നിര്‍മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കണം, ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കരുത്, പഴങ്ങള്‍ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം, നേരത്തേ തയാറാക്കി വച്ച ജ്യൂസുകള്‍ വില്‍പ്പന നടത്തരുത്, തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍ പാടില്ല , എഫ് എസ് എസ് എ ഐ റജിസ്‌ട്രേഷന്‍ നമ്പർ കടകളില്‍ പ്രദര്‍ശിപ്പിക്കണം, സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ചേര്‍ക്കുന്ന എസന്‍സ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്ല് സൂക്ഷിക്കണം എന്നിവയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.