പുല്‍വാമ ഭീകരാക്രമണം; രാജ്യം യുദ്ധത്തിലേക്കോ??

0
187

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 ജവാന്മാര്‍ മരിച്ചു. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചു.

തീവ്രവാദികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു. 2016 ല്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമാനമായ ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. പരിശീലനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സൈന്യത്തിനെതിരെ നടത്തിയ തീവ്രവാദി ആക്രമണം നരേന്ദ്രമോദി സര്‍ക്കാറിന്റെ സുരക്ഷാ വീഴ്ചയാണെന്ന വാദവും ഉയര്‍ന്നു. ഇതുകൊണ്ട് തന്നെ തീവ്രവാദി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തെ അപലപിച്ചു. ജവാന്‍മാരുടെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞ പ്രിയങ്ക രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന് വ്യക്തമാക്കി. പ്രിയങ്ക ലക്‌നൗവില്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം ആക്രമണത്തെ തുടര്‍ന്ന് ഒഴിവാക്കി. അതേ സമയം രാജ്യസുരക്ഷയുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വിമര്‍ശിച്ചു.

വൈകീട്ട് 3.25 നാണ് ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ അവന്തിപ്പൊരയില്‍ ജമ്മുകശ്മീരിന്റെ ചരിത്രത്തില്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്‌ഫോടക വസ്തുവുമായി വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്നും ജമ്മു പൊലീസ് അറിയിച്ചു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം നാളെ ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.