പ്രണയദിനത്തില്‍ ഇടിച്ചുകയറിയ ഭീകരത…

0
189

രാജ്യത്തിന് തീരാനഷ്ടം സമ്മാനിച്ചാണ് ഈ പ്രണയദിനം കടന്നുപോയത്… 44 ധീര ജവാന്മാരുടെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്.
ഉറിയില്‍ ഉണ്ടായതിനേക്കാള്‍ വലിയ ഭീകരാക്രമണമാണ് പുല്‍വാമയില്‍ നടന്നത്. റോഡ്‌സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസാണ് (IED) ഭീകരര്‍ ഉപയോഗിച്ചതെന്ന് ദേശീയ മാധ്യമായ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു

കാര്‍ ബോംബ് ആക്രമണങ്ങള്‍ നടത്താന്‍ ഇറാക്കിലും അഫ്ഗാനിലുമെല്ലാം തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസാണ് പുല്‍വാമ ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമ്മദ് ധര്‍ ഉപയോഗിച്ചത്. ഭീകരരും ഗറില്ലാ ഗ്രൂപ്പുകളുമാണ് അത്യന്തം അപകടകരമായ ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത്. സൈന്യം ഉപയോഗിക്കുന്ന തരം ആര്‍ട്ടിലറി ഷെല്ലുകളിലോ മറ്റ് തരം ബോംബുകളിലോ സ്‌ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റര്‍ ഘടിപ്പിച്ചാണ് ഭീകരര്‍ IED തയ്യാറാക്കുന്നത്.

വാഹനം ഇടിക്കുന്നതിന്റെ ആഘാതത്തില്‍ ഡിറ്റണേറ്റര്‍ പ്രവര്‍ത്തിച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കും. വലിയ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ കൂടി ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിറയ്ക്കുക കൂടി ചെയ്യുന്നതോടെ IEDയുടെ ആഘാതശേഷി കൂടുതല്‍ ഭീകരമാകും. ഒരുപക്ഷേ ലക്ഷ്യം കാണുന്നതിന് മുമ്പ് പൊട്ടിത്തെറിച്ചെന്നും വരാം. റോഡ്‌സൈഡ് ബോംബുകള്‍ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ജെയ്‌ഷെ ഭീകരന്‍ അദില്‍ അഹമ്മദ് ധര്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌കോര്‍പിയോ കാറില്‍ ഇരുനൂറ് കിലോഗ്രാമിലേറെ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നതായാണ് വിവരം.

ഇറാഖിലെ സുന്നി, ഷിയാ സംഘര്‍ഷത്തിലും രണ്ടാം ഇറാഖ് യുദ്ധത്തില്‍ അമേരിക്കന്‍ സേനക്കെതിരെയും ഏറ്റവും കൂടുതല്‍ പ്രയോഗിച്ചത് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളായിരുന്നു. ഇറാഖ് യുദ്ധത്തിലെ മരണസംഖ്യയുടെ 63 ശതമാനവും അഫ്ഗാന്‍ യുദ്ധത്തിലെ മരണസംഖ്യയുടെ 66 ശതമാനവും IED സ്‌ഫോടനങ്ങളില്‍ ആയിരുന്നുവെന്നാണ് കണക്ക്. ശ്രീലങ്കയില്‍ തമിഴ് പുലികളും സൈന്യത്തെ ആക്രമിക്കാന്‍ IED വ്യാപകമായി ഉപയോഗിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.