മതിയാക്കാറായില്ലെ ഈ ചോരക്കൊതി…

0
153

പുല്‍വാമയില്‍ നമ്മുടെ സഹോദരങ്ങളെ അല്ലെങ്കില്‍ രക്ഷകരെ ഇല്ലാതക്കിയത് മറ്റൊരു രാജ്യത്തെ ഭീകരസംഘടനയാണ്. രാജ്യത്തെ നടുക്കിയ ഭീകരവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന’ ഭീകരവാദം’ പലരും കാണാതെപോകുന്നു. കഴിഞ്ഞ ദിവസം കാസര്‍കോഡ് പൈശാചികമായി ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരന്‍ തന്നെയാണ് കൊലപ്പെടുത്തിയത്.ആദര്‍ശങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ വെട്ടിനുറുക്കുന്നത് നമ്മുടെ രാജ്യത്തെ പൗരന്മാരെ തന്നെയാണ്.അറസ്റ്റിലാകുന്നതും നമ്മുടെ രാജ്യത്തിന്റെ സമ്പത്താവേണ്ടവര്‍ തന്നെ…എന്നാല്‍ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേരെ നേതാക്കന്മാരും കണ്ണടയ്ക്കുന്നു എന്നതാണ് വേദനാജനകം. ഇവര്‍ രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്. രാഷ്ട്രത്തില്‍്, ഇവിടത്തെ പൊതുജനങ്ങളില്‍ കൊലപാതകങ്ങളുടേയും നാശത്തിന്റേയും വിത്തുപാകലാണോ …

സര്‍ക്കാരിന്റെ 1000 ദിവസം ആഘോഷിച്ച് ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയാനൊരുങ്ങുന്നവര്‍ക്ക് രാഷ്ട്രീയ അക്രമങ്ങള്‍ക്ക് സമാധാനം പറഞ്ഞ് പ്രതിരോധത്തിലൂന്നേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടത് സര്‍ക്കാറിന്റെ കാലത്ത് ഒന്നല്ല 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംഭവിച്ചിരിക്കുന്നത്.ഇതില്‍ 12 പേര്‍ ബിജെപിക്കാരാണ്. ഒരു സിപിഎം വിമതന്‍. 3 കോണ്‍ഗ്രസുകാര്‍. 3 സിപിഎമ്മുകാര്‍ , 2 മുസ്ലിം ലീഗുകാര്‍ എന്നിങ്ങനെയാണ് കൊലക്കത്തിക്ക് ഇരായവരുടെ രാഷ്ട്രീയം. ഇതില്‍തന്നെ ഏറ്റവും നഷ്ടമുണ്ടായത് കണ്ണൂരിനാണ്.പത്ത് ജീവനുകളാണ് ഒരു പൂപറിക്കുന്ന ലാഘവത്തോടെ കണ്ണൂരില്‍ നിന്നെടുത്തത്.അതേ സമയം തെരഞ്ഞെടുപ്പ് അടുത്തതോടെ കൊലപാതകങ്ങള്‍ ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.അക്രമത്തെ സിപിഎം സംസ്ഥാന സെക്രട്ടറി അപലപിച്ചെങ്കിലും രാഷ്ട്രീയ പ്രത്യാഘാതം മറികടക്കാനുള്ള വഴികള്‍ തേടി വിയര്‍ക്കുകയാണ് പാര്‍ട്ടി. മുഖ്യമന്ത്രി എകെജി സെന്ററിലെത്തി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി.

വടക്കുനിന്നും തെക്കുനിന്നും ജാഥകള്‍ തുടങ്ങി പാര്‍ലമെന്റ് തെരഞ്ഞെടപ്പിനുള്ള അനുകൂല രാഷ്ട്രീയസാഹചര്യം ഒരുക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് ചര്‍ച്ചകള്‍ വഴിമാറുന്നത്. ജാഥ തന്നെ ഒരു ദിവസം നിര്‍ത്തിവച്ചു. എതിര്‍പക്ഷത്തെ കടന്നാക്രമിച്ച് മുന്നേറിയ കോടിയേരിക്കും കാനത്തിനും ഇനി രാഷ്ട്രീയ അക്രമങ്ങള്‍ക്ക് സമാധാനം പറഞ്ഞ് പ്രതിരോധത്തിലൂന്നേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണനേട്ടം എണ്ണിപറഞ്ഞതുകൊണ്ടൊന്നും ഫലമുണ്ടാകില്ലെന്ന സ്ഥിതിയാണ് ഇപ്പോഴത്തേത്.മുന്നണി നേരിടുന്ന പ്രശ്‌നം, ഗുരുതരമായ രാഷ്ട്രീയ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി നേരിട്ട് എകെ ജി സെന്ററിലെത്തി. കോടിയേരിയുമായുള്ള ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.ഏതായാലും കാസര്‍കോട് കൊലപാതകത്തോടെ കേരളം ചര്‍ച്ച ചെയ്യുന്നത് അക്രമരാഷ്ട്രീയമാണ്. എന്നാല്‍ ഇത് എത്ര നാള്‍.കുറച്ച് ദിവസം കഴിയുമ്പോള്‍ എല്ലാവരും മറക്കും കൊന്നവരേയും മരിച്ചവരേയും. പിന്നീട് ഒരു വെട്ട് മാധ്യമങ്ങലില്‍ നിറയുമ്പോഴായിരിക്കും കേരള മനസാക്ഷി സടകുടഞ്ഞ് എവുനേല്‍ക്കുക… ഇതിന് ഒരു അറുതി വരുത്തേണം.അക്രമരാഷ്ട്രീയത്തിന് എതിരായി എല്ലാ പാര്‍ട്ടി നേതാക്കളും അണിനിരന്നാല്‍ തീരാവുന്ന രോഗം മാത്രമേ നമ്മുടെ സംസ്ഥാനത്തെ ബാധിച്ചിട്ടുള്ളു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.