ഇരവാദവുമായി പാകിസ്താന്‍; പിന്നാലെ ഭീഷണിയും!!

0
131

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ആക്രമണത്തില്‍ പാകിസ്താന് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാകിസ്താന് ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് എന്തു നേട്ടമാണുള്ളതെന്നും ഇമ്രാന്‍ ഖാന്‍ ചോദിക്കുന്നു. ഭീകരവാദത്തിന്റെ ഇരയാണ് പാകിസ്താന്‍. ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുപറഞ്ഞു.

ഭീകരവാദം മൂലം പതിനായിരങ്ങളാണ് പാകിസ്താന് നഷ്ടമായിട്ടുള്ളത്. ഇന്ത്യയില്‍ ആക്രമണം നടത്തിയിട്ട് പാകിസ്താന് എന്താണ് നേടാനുള്ളത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനത്തിന് തുരങ്കം വെക്കാനുള്ള നീക്കമാണ് നടന്നതെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

ഇന്ത്യ തെളിവില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യ വ്യക്തമായ തെളിവ് തന്നാല്‍ ശക്തമായ നടപടിയെടുക്കും. പാകിസ്താനെ ആക്രമിക്കാനാണ് നീക്കമെങ്കില്‍ ശക്തമായി തിരിച്ചടിക്കും. പാകിസ്താന്‍ സുസ്ഥിരതയിലേക്ക് നീങ്ങുകയാണ്. ഭീകവാദം സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ പാകിസ്താന്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടത്. പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിക്കുന്നു. എന്നാല്‍ പാകിസ്താന് ബന്ധമില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇറാനിലും ഇതേ വേളയിലുണ്ടായ ഭീകരാക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.കശ്മീരില്‍ നിന്ന് ജെയ്‌ഷെ മുഹമ്മദിനെ 100 മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് ലഫ്. ജനറല്‍ കന്‍വാള്‍ സിങ് ധിലണ്‍ മുന്നറിയിപ്പ് നല്‍കി. കശ്മീരില്‍ ഭീകരവാദത്തില്‍ ഏര്‍പ്പെട്ട യുവാക്കളുടെ രക്ഷിതാക്കള്‍ക്ക് അദ്ദേഹം താക്കീത് നല്‍കി. താഴ്‌വരയില്‍ ഇനി ആയുധം ഉയര്‍ത്തുന്നവര്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.