ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീ മഠത്തില്‍ തടങ്കലില്‍

0
92

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴിനല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വച്ചതായി പരാതി. സംഭവത്തില്‍ ഇടുക്കി രാജാകാട്ട് സ്വദേശിനി ലിസി കുര്യനെ പോലീസ് മോചിപ്പിച്ചു. സഹോദരന്‍ ജിമ്മി കുര്യന്റെ പരാതി പ്രകാരമാണ് ലിസി കുര്യനെ മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍നിന്ന് പോലീസ് പുറത്തെത്തിച്ചത്. സിസ്റ്ററുടെ മൊഴിയില്‍ മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സഹോദരിയെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു സഹോദന്റെ പരാതി. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ സിസ്റ്റര്‍ ലിസിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസ്റ്റര്‍ ലിസിയെക്കുറിച്ച്‌ കുറച്ചുനാളായി വിവരം ഒന്നുമില്ലാതെ ആയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പരാതി നല്‍കിയ സിസ്റ്ററുമായി അടുപ്പമുള്ള ഇവര്‍ ബിഷപ്പിനെതിരേ മൊഴിനല്‍കിയിരുന്നു. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായതോടെ ഇവര്‍ മഠാധികാരിളുടെ എതിര്‍പ്പിനും കാരണമായി.കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴ തൃക്കരയിലെ മഠം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചു വരികയായിരുവന്നു സിസ്റ്റര്‍ ലിസി. ഫ്രാങ്കോ കേസില്‍ ബിഷപ്പിന് എതിരേ മൊഴികൊടുത്തതിന് പിറകെ ഇവരെ തുടര്‍ന്ന് തന്നെ വിജയവാഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തെന്നും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായ അമ്മയെ കാണാന്‍ സിസ്റ്റര്‍ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടശേഷം മഠത്തിലേക്ക് മടങ്ങിയ സിസ്റ്ററെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ഇല്ലാതായതോടെയാണ് സഹോദരന്‍ കോട്ടയം പൊലീസില്‍ പരാതിയുമായി സമീപിച്ചത്. തുടര്‍ന്നായിരുന്നു പോലീസ് ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.