ഒലെയുടെ മാഞ്ചസ്റ്റര്‍ കൊട്ടാരം തകര്‍ത്ത് പി എസ് ജി

0
91

അവസാനം ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയം അറിഞ്ഞു. ഇന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ആണ് പി എസ് ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെള്ളം കുടിപ്പിച്ചത്. തോമസ് ടുകലിന്റെ ടാക്ടിക്‌സിന്റെ ശക്തിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പി എസ് ജി തോല്‍പ്പിച്ചത്.

നെയ്മര്‍, കവാനി തുടങ്ങിയ പ്രമുഖര്‍ ഒന്നും ഇല്ലായെങ്കിലും അതിന്റെ കുറവ് ഒന്നും പി എസ് ജി ഇന്ന് കാണിച്ചില്ല. ലിംഗാര്‍ഡ്, മാര്‍ഷ്യല്‍, റാഷ്‌ഫോര്‍ഫ് എന്നീ മാഞ്ചസ്റ്റര്‍ അറ്റാക്കിംഗ് ത്രയത്തെ എങ്ങനെ തടയണമെന്ന ടാക്ടികല്‍ ക്ലാസായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. ഗോള്‍ രഹിതമായി തുടര്‍ന്ന പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്കിംഗ് നിരയ്ക്ക് ഒന്ന് അനങ്ങാന്‍ വരെ കഴിഞ്ഞില്ല. മാര്‍കീനസിന് പോഗ്ബയെ മാന്‍ മാര്‍ക്കിങ് ചെയ്യാനുള്ള ചുമതല കൊടുക്കാനുള്ള ടുകലിന്റെ തീരുമാനവും ഇന്ന് ഫലം കണ്ടു.

ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ട് പ്രധാന താരങ്ങള്‍ പരിക്കേറ്റ് പോയത് ഹോം ടീമിന്റെ താളമാകെ തെറ്റിച്ചു. മാര്‍ഷ്യലും ലിങാര്‍ഡുമാണ് ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് കളം വിട്ടത്. രണ്ടാം പകുതിയില്‍ കളിയുടെ പൂര്‍ണ്ണ നിയന്ത്രണം പി എസ് ജി ഏറ്റെടുത്തു. 60 മിനുട്ട് ആകും മുമ്ബ് രണ്ട് ഗോളുകള്‍ക്ക് ഓള്‍ഡ്ട്രാഫോര്‍ഡില്‍ മുന്നില്‍ എത്താന്‍ പി എസ് ജിക്കായി.

ആദ്യം കിംമ്പാപെ ആണ് ഒരു കോര്‍ണറില്‍ നിന്ന് പി എസ് ജിയെ മുന്നില്‍ എത്തിച്ചത്. ആ ഗോളിന്റെ ആഘാതം വിട്ടുമാറും മുമ്ബ് എമ്ബപ്പെയും മാഞ്ചസ്റ്റര്‍ വല കുലുക്കി. അതിനു ശേഷം ആ രണ്ട് ഗോള്‍ ലീഡ് കാത്തു സൂക്ഷിക്കുന്നതില്‍ ആയിരുന്നു പി എസ് ജിയുടെ ശ്രദ്ധ. പി എസ് ജി ഗോള്‍ കീപ്പര്‍ ബുഫണെ ഒന്ന് പരീക്ഷിക്കാന്‍ വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായില്ല. കളിയുടെ അവസാന നിമിഷം പോഗ്ബ ചുവപ്പ് കാര്‍ഡ് കാണുകകൂടെ ചെയ്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പതനം പൂര്‍ത്തിയായി.

രണ്ടാം പാദത്തില്‍ പാരീസില്‍ ചെന്ന് അത്ഭുതങ്ങള്‍ കാണിക്കാന്‍ ഒലെയ്ക്കും ടീമിനും ആയില്ല എങ്കില്‍ മാഞ്ചസ്റ്ററിന്റെ ചാമ്ബ്യന്‍സ് ലീഗ് സ്വപ്നം ക്വാര്‍ട്ടറിന് മുമ്ബ് തന്നെ അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.