ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണം; ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്ത് ചൈന

0
265

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ചൈനയുൾപ്പടെ നിരവധി ലോകരാജ്യങ്ങൾ രംഗത്ത്. അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ ഇന്നലെത്തന്നെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോൾ ചൈന ഇന്നാണ് പ്രതികരിച്ചത്. ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായി ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷുവാങ് വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന യോജിച്ചില്ല.

”തീവ്രവാദത്തിന്‍റെ എല്ലാ രൂപങ്ങളെയും ചൈന ശക്തമായി അപലപിക്കുന്നു. മേഖലയിൽ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു” എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാങ് പറഞ്ഞത്. എന്നാൽ ജയ്ഷെ തലവനായ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോടുള്ള പ്രതികരണം തേടിയപ്പോൾ ഒരു തീവ്രവാദ സംഘടനയെ ഉപരോധത്തിൽ നിർത്തുന്നത് പോലെയല്ല ഒരു വ്യക്തിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതെന്നും, അതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നുമായിരുന്നു ഗെംഗ് ഷുവാങിന്‍റെ പ്രതികരണം.

യുഎൻ സുരക്ഷാ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയ തീവ്രവാദസംഘടനകളിൽ ഒന്നാണ് ജയ്ഷെ മുഹമ്മദ്. എന്നാൽ മസൂദ് അസ്ഹർ ഇപ്പോഴും ഇന്ത്യാ പാക് അതിർത്തിക്കടുത്ത് പാകിസ്ഥാന്‍റെ മൂക്കിന് തൊട്ടുതാഴെ വിഹരിക്കുകയാണ്.

രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറാണ്. ഭീകരര്‍ റാഞ്ചിയ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി വിട്ടയച്ച മസൂദ് അസ്ഹര്‍, പിന്നീട് രാജ്യത്തിന് എന്നും തലവേദനയായി മാറി.

ജമ്മു കശ്മീരിൽ ഭീകരതയ്ക്ക് നേതൃത്വം നല്കിയ മസൂദ് അസഹ്റിനെ 1994-ൽ പിടികൂടിയിരുന്നു.  എന്നാല്‍ 1999-ലെ  ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലോടെ ചിത്രം മാറി. ഖാണ്ഡഹാറിലേക്ക് കൊണ്ടു പോയ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ജയിലില്‍ നിന്ന് മസൂദ് അസ്ഹറിനെ വിട്ടക്കേണ്ടി വന്നു. തിരിച്ച് കറാച്ചിയിലെത്തിയ മസൂദ്, പതിനായിരം പേര്‍ തിങ്ങി നിറഞ്ഞ പൊതു സമ്മേളനത്തില്‍ പറഞ്ഞിതങ്ങനെ. ‘ഇന്ത്യയെ നശിപ്പിക്കാതെ മുസ്ലികള്‍ക്ക് സമാധാനമായി ഉറങ്ങാനാവില്ല. കശ്മീരിനെ എന്തു വില കൊടുത്തും മോചിപ്പിക്കും.’

പിന്നീട് ജയ്ഷെ  മുഹമ്മദ് രൂപീകരിച്ച്  തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയായിരുന്നു മസൂദ്അസ്ഹര്‍. 2008 ലെ മുംബൈ സ്ഫോടന പരമ്പര, 2016-ലെ പത്താൻകോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസ്ഹറാണ്.  മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടു തടങ്കലില്‍ ആക്കിയതൊഴിച്ചാൽ അസ്ഹറിനെതിരെ ഒരു നിയമനടപടിയും പാകിസ്ഥാൻ ഇതുവരെ കൈക്കൊണ്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.