സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായേക്കില്ല; ആളില്ലാ വിമാനം ഉപയോഗിച്ച്‌ ആക്രമണത്തിന് സാധ്യത

0
91

കാശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് ഇന്ത്യ പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചന. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണ് ഈ തീരുമാനം.

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ് സൈനിക തീരുമാനം. ആണവായുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാകിസ്താന്‍ ഉപയോഗിച്ചേക്കുമെന്നതിനാല്‍ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആര്‍ജിച്ച ശേഷമാവും ഇന്ത്യ കൂടുതല്‍ നീക്കം നടത്തുക.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിനല്‍കാന്‍ സേനയ്ക്ക് കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെനടന്ന യോഗത്തില്‍, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച്‌ തീരുമാനിക്കാന്‍ സൈനികമേധാവിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഓരോ തുള്ളി കണ്ണുനീരിനും പകരം ചോദിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ആക്രമണത്തിനാണ് ഉന്നത സൈനികതലത്തില്‍ പദ്ധതി ആസൂത്രണംചെയ്യുന്നത്.

തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കരസേനയുടെ നേതൃത്വത്തില്‍ എല്ലാ സേനകളെയും ഏകോപിപ്പിച്ച്‌ ആളില്ലാവിമാനം ഉപയോഗിച്ചുള്ള ആക്രമണമായിരിക്കും ഉണ്ടാവുകയെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. മിന്നലാക്രമണത്തിന് സമാനമായ ഇത് കൂടുതല്‍ സുരക്ഷിതമായിരിക്കും. സ്ഥലവും സമയവും അതിരഹസ്യമായിരിക്കും. കശ്മീരിന്റെ ഭൗമപരമായ സവിശേഷതകളാല്‍ പെട്ടെന്നുള്ള ഡ്രോണ്‍ ആക്രമണം നേരിടുക പാകിസ്താന് അത്ര എളുപ്പമാവില്ല.

അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള കരുനീക്കങ്ങളാണ് കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നത്. നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തിയ ശേഷമാവും ഇന്ത്യയുടെ പഴുതടച്ചനീക്കമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.