പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വൃക്ക വില്‍പ്പനയ്ക്ക് വെച്ച ദമ്പതികള്‍ക്ക് ആശ്വാസവുമായി കലക്ടര്‍

0
123

പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വകയില്ലാതെ അവസാനം വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധദമ്പതികള്‍ക്ക് സഹായം. ദമ്പതികളുടെ വീട്ടിലെത്തിയ ഇടുക്കി ജില്ലാ കളക്ടര്‍ അടിയന്തിര നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

തന്റെ വീടിന്റെ ചുമരില്‍ വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യമെഴുതിവെച്ച് കച്ചവടക്കാരെ കാത്തിരിക്കുകയാണ് അടിമാലി വെള്ളത്തൂവല്‍ സ്വദേശിയായ തണ്ണിക്കോട്ട് ജോസഫും (72) ഭാര്യയും.

പ്രളയത്തില്‍ നശിച്ച വീട് നന്നാക്കി കിട്ടുന്നതിന് ഇതുവരെ പലയിടങ്ങളും ജോസഫ് കയറിയിറങ്ങി. അവസാനം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ പണം ഇല്ലാതെ വന്നപ്പോളാണ് ഈ വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗം തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇതുവരെ ആനുകൂല്യമൊന്നും കിട്ടിയിട്ടില്ല. കൈക്കൂലി കൊടുക്കാന്‍ പണമുണ്ടാക്കാനാണ് വൃക്ക വില്‍ക്കുന്നതെന്നും തകര്‍ന്ന വീടിന്റെ ഭിത്തിയില്‍ എഴുതിയ പരസ്യത്തില്‍ ജോസഫ് സൂചിപ്പിച്ചിട്ടുണ്ട്.

ജോസഫും ഭാര്യ ആലീസും താമസിക്കുന്ന ആ വീട്, കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടിയാണ് തകര്‍ന്നത്. വീടിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. പക്ഷേ, ഇത്ര നാളായിട്ടും സര്‍ക്കാരില്‍ നിന്നും ഒരു സഹായവും കിട്ടാതെ വന്നതോടെയാണ് ജോസഫ് തന്റെ നിസ്സഹായത ഇത്തരത്തില്‍ എഴുതി പുറംലോകത്തെ അറിയിച്ചത്.

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീടിന്റെ താമസയോഗ്യമായ ഒരു മുറിയിലാണ് ജോസഫും ഭാര്യ ആലീസും കഴിയുന്നത്. ജോസഫിനും ഭാര്യക്കും മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ വീടിന്റെ രണ്ട് മുറികള്‍ വാടകയ്ക്ക് കൊടുത്ത് കിട്ടുന്നതുകൊണ്ടായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. പ്രളയത്തില്‍ വീട് തകര്‍ന്നതോടെ ആ വരുമാനവും നിലച്ചു. വീടു പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലാത്തതും, തകര്‍ന്ന ഭാഗത്ത് വാടകക്കാരുണ്ടായിരുന്നതും അടക്കമുളള സാങ്കേതിക തടസ്സങ്ങളാണ് ആനുകൂല്യം നല്‍കാത്തതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.