പാര്‍ട്ടി പ്രവര്‍ത്തകര്‍ വകതിരിവ് കാണിക്കണം; കൊലപാതകം അംഗീകരിക്കാന്‍ കഴിയില്ല’; മന്ത്രി ഇ. ചന്ദ്രശേഖരന്‍

0
119

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ചിലരുടെ വകതിരിവില്ലാത്ത പ്രവൃത്തിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമോ എന്ന കാര്യം എല്ലാവരും ആലോചിക്കണം. പാര്‍ട്ടി അണികള്‍ മാന്യത പാലിക്കണം കൊലപാതകം അംഗീകരിക്കാന്‍ കഴിയില്ലെന്നും
മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലാണ് ഈ ക്രൂരകൃത്യം നടന്നതെന്നും അതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ജില്ലയില്‍ എല്‍ഡിഫ് ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. കൊലപാതകത്തിന് പിന്നില്‍ ആരായാലും അവര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അത്തരക്കാരെ സിപിഎം ഒരു കാരണവശാലും ഏറ്റെടുക്കില്ല. കുറ്റവാളികളെ കണ്ടെത്തി പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് അക്രമസംഭവങ്ങള്‍ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്ത് സംഭവം നടന്നാലും എന്തിന്റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്‌കാരം പാര്‍ട്ടി ഉപേക്ഷിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തില്‍ നടന്ന അക്രമം എതിരാളികള്‍ക്ക് ആയുധമാകുകയാണ് ചെയ്തത്. അക്രമികള്‍ എതിരാളികളുടെ കയ്യിലകപ്പെട്ടവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.