പേരില്‍ ‘അഡാറ്’ ; ഒരു അഡാര്‍ ലവ് മൂവി റിവ്യൂ വായിക്കാം

0
148

ഒന്നര വര്‍ഷം മുമ്പ് യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ട മാണിക്യമലരായപൂവി എന്ന ഗാനം മലയാളസിനിമയില്‍ മുമ്പെങ്ങും കാണാത്ത വിധമങ്ങ് വൈറലായി. മാത്രമല്ല ഒരു കണ്ണിറുക്കിലൂടെ പ്രിയവാര്യര്‍ എന്ന പുതുമുഖം അന്തര്‍ദേശീയതലത്തില്‍ ചര്‍ച്ചയുമായി. തൊട്ടുപിന്നാലെ വിവാദങ്ങളും. ലൈക്കുകളേക്കാള്‍ ഡിസ് ലൈക്കുകളുടെ ഒരു പെരുമഴ തന്നെയായിരുന്നുചിത്രത്തിന്റെ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം, ഒടുവില്‍ പ്രണയ ദിനത്തില്‍ പ്രണയം തുളുമ്പുന്ന പേരുമായി ഒമര്‍ ലുലുവിന്റെ മൂന്നാമത്തെ ചിത്രം ‘ഒരു അഡാര്‍ ലവ്’ തിയറ്ററുകളിലെത്തി.ഒമറിന്റെ രണ്ടാമത്തെ പടം ചങ്ക്‌സ് കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി കാണാന്‍ മടിക്കും വിധത്തിലുളള ഒന്നായിരുന്നു, കാരണം മറ്റ് ഭാഷകളിലുളളപോലെ മസാല ചിത്രങ്ങള്‍ മലയാളത്തില്‍ പകര്‍ത്തിയെടുക്കാനുള്ള ഒമറിന്റെ ശ്രമം ആയിരുന്നു ചങ്ക്‌സ്. തിയേറ്ററില്‍ ആളെകൂട്ടിയെങ്കിലും അവതരണം കൊണ്ട് ഒരുപാട് പഴി കേള്‍ക്കേണ്ടിയും വന്നിരുന്നു. ഒരു അഡാര്‍ ലവ് ഒരുക്കിയിരിക്കുന്നതും ഏകദേശം സമാനമായ വഴിക്കു തന്നെയാണെന്ന് പറയാം.

പ്രിയങ്കരനായ മണിച്ചേട്ടന്റെ പാട്ടുകളും , പ്രളയക്കെടുതിയില്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍തുടങ്ങി തീയറ്ററില്‍ കയ്യടിക്കാനുള്ള അത്യാവശ്യം നമ്പറുകളൊക്കെ ഒമര്‍ എന്ന മാര്‍ക്കെറ്റിങ് വിദഗ്ദന്‍ ഉപയോഗിച്ചു. പക്ഷെ ദുര്‍ബലമായ കഥയും ലക്ഷ്യമില്ലാത്ത സഞ്ചാരവുമാണ് സിനിമക്ക് ഇടവേള വരെയുള്ളത് എന്ന് പറയാതിരിക്കാനാവില്ല. ഒരു പ്ലസ്ടു സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള പൈങ്കിളി പ്രണയകഥയാണ് അഡാര്‍ ലൗ.
പേരിലും ഉള്ളടക്കത്തിലും പ്രണയമുള്ള ചിത്രത്തില്‍ ഒരു സ്‌കൂളും അവിടുത്തെ അധ്യാപകരും കുട്ടികളും അവര്‍ക്കിടയിലെ സംഭവങ്ങളുമാണ് അവതരിക്കപ്പെടുന്നത്. നായകനും നായികയും പ്രണയിക്കുന്നു. പിരിയുന്നു, വീണ്ടും ഒന്നിക്കുന്നു. അതിനിടയില്‍ മറ്റൊരു പ്രണയം വരുന്നു.ഒരു സ്‌കൂളിലെ പ്ലസ് വണ്‍ ക്‌ളാസ് തുടങ്ങുന്നിടത്താണ് ചിത്രമാരംഭിക്കുന്നത്. കേട്ട് പഴകിയ ക്ലീഷേ ഡയലോഗുകളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് ചിത്രത്തിലുടനീളം. മാത്രമല്ല ചില തമാശകള്‍ ഏല്‍ക്കാതെ പോകുന്നതാണെങ്കില്‍ ചിലത് ഒമര്‍ ചിത്രത്തില്‍ സ്ഥിരമായി കാണുന്ന ദ്വയാര്‍ഥം കലര്‍ന്നതുമാണ്… പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മാക്‌സിമം ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പാടെ പാളിപോവുകയാണ് ചെയ്തിട്ടുളളത്.പ്രണയവും പ്രണയ നഷ്ടവും സൗഹൃദവുമൊക്കെ ആയാണ് കഥ പുരോഗമിക്കുന്നത്. എന്നാല്‍ പ്രണയത്തിന്റെ ഫീലോ പ്രണയനഷടത്തിന്റെ വിഷാദമോ സൗഹദത്തിന്റെ ആഴമോ ഒന്നും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞോ എന്നത് സംശയമാണ്… മാത്രമല്ല ആവശ്യമില്ലാത്തയിടത്തൊക്കെ പാട്ട് തിരികി കയറ്റിയതും അസ്വാദനത്തിന് തടയിടുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ – ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പിറന്ന മാണിക്യ മലരായ പൂവി എന്ന ഗാനം മികച്ചു നിന്നെങ്കിലും മറ്റു ഗാനങ്ങള്‍ നിരാശപ്പെടുത്തുന്നുണ്ട്. സിനിമ ഇറങ്ങും മുമ്പ് തന്നെ പ്രശസ്തരായ റോഷനും പ്രിയ വാര്യരും തങ്ങളുടെ ഭാഗങ്ങള്‍ തരക്കേടില്ലാതെ അഭിനയിച്ചു തീര്‍ത്തുവെങ്കിലും ആസ്വാദകരെ കൂടുതല്‍ ആകര്‍ഷിച്ചത് ചിത്രത്തിലെ മറ്റൊരു നായികയായ നൂറിന്‍ ഷെരീഫാണ്. സലീം കുമാര്‍, സിദ്ദിഖ്, ഹരീഷ്, അനീഷ് ജി മേനോന്‍, അല്‍ത്താഫ്, അരുണ്‍ കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

 

മലയാളത്തിനൊപ്പം തമിഴ്, തെലുഗു, കന്നഡ ഭാഷകളിലാണ് ഒരു അഡാര്‍ ലവ് എത്തിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ‘ലവേഴ്‌സ് ഡേ’ എന്ന പേരിലും കന്നഡയില്‍ ‘കിറിക് ലവ് സ്റ്റോറി’എന്ന പേരിലുമാണ് അഡാര്‍ ലവിന്റെ മൊഴിമാറ്റപതിപ്പുകള്‍ എത്തിയിരിക്കുന്നത്. പേരില്‍ മാത്രം അഡാറായ ചിത്രത്തില്‍ ടീസറില്‍ കണ്ട് കണ്ണിറുക്കലും ചില നല്ല രംഗങ്ങളും ചില പാട്ടുകളും മാത്രമാണ് സിനിമയുടെ ആകര്‍ഷണം. ചുരുങ്ങിയ വാക്കുകളില്‍ പറയാവുന്ന ഒരു കഥയെ, യാതൊരു ആവശ്യവുമില്ലാതെ വലിച്ചു നീട്ടി വിരസമായ സംഭാഷങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിച്ചതാണ് അഡാര്‍ ലവിനെ ശരാശരിയില്‍ താഴെയുള്ള ചിത്രമാക്കുന്നത്. പിന്നെ പുതുമുഖങ്ങളല്ലേ എന്ന് കരുതി അമിത പ്രതീക്ഷ വെക്കാതെ പോയാല്‍ ചിത്രം നിങ്ങളെ നിരാശരാക്കില്ല..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.