ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് മാമാങ്കം ;റഷ്യ ഒരുങ്ങി

0

ലോകം കാല്‍പ്പന്തിന്റെ മാസ്മരിക താളത്തിലേക്ക് കടക്കാന്‍ ഇനി വെറും മണിക്കൂറുകളുടെ ദൂരം മാത്രം. ഇരുപത്തൊന്നാമത് ഫുട്‌ബോള്‍ ലോകകപ്പിന് വ്യാഴാഴ്ച റഷ്യയില്‍ തുടക്കമാകുകയാണ്. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്. എല്ലാത്തവണത്തെയും പോലെ ബ്രസീലും അര്‍ജന്റീനയും തന്നെയാണ് മിക്കവരുടെയും ഇഷ്ട ടീമുകള്‍. എന്നാല്‍ ഫുട്‌ബോള്‍ വിദഗ്ധരില്‍ പലരും സാധ്യത കല്‍പ്പിക്കുന്നത് ലോക ആറാം നമ്പറുകാരായ സ്‌പെയിനിനാണ്. ഈ സമയത്ത് കോച്ചിനെ മാറ്റിയ നടപടി സ്‌പെയിനിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നു കരുതാം.

പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും കരുത്തുറ്റ ഒട്ടേറെ താരങ്ങളുമായാണ് സ്‌പെയിന്‍ റഷ്യയിലെത്തിയിരിക്കുന്നത്. സെര്‍ജിയോ റാമോസ്, ജെറാഡ് പിക്വെ, ജോര്‍ഡി ആല്‍ബ, ഡാനി കാര്‍വജാല്‍ എന്നിവരടങ്ങുന്ന പ്രതിരോധനിര ആര്‍ക്കും അങ്ങനെ എളുപ്പം മറികടക്കാനാകുന്നതല്ല. സ്പാനിഷ് വമ്പന്മാരായ ബാര്‍സലോണയും റയലും ചേര്‍ന്നാല്‍ സ്‌പെയിനിന്റെ ദേശീയ ടീമായി. അതു തന്നെയാണ് അവരെ അപകടകാരികളാക്കുന്നതും.

ജര്‍മ്മനിയും മോശക്കാരല്ല. രണ്ടാംനിര ടീമുമായി വന്ന് കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പ് സ്വന്തമാക്കിയവരാണ് അവര്‍. കഴിഞ്ഞ ലോകകപ്പ് വിജയിച്ച ടീമിലുണ്ടായിരുന്ന പലരും ഇത്തവണ ഒപ്പമില്ല. എങ്കിലും മാന്വല്‍ ന്യൂയര്‍, മെസുട്ട് ഓസില്‍, തോമസ് മുള്ളര്‍, ടോണി ക്രൂസ്, മാറ്റ് ഹമ്മല്‍സ്, ജെറോം ബോട്ടെങ് എന്നിവരടങ്ങിയ ടീം കപ്പ് അത്ര എളുപ്പത്തിലൊന്നും വിട്ടുകൊടുക്കാനിടയില്ല.
കഴിഞ്ഞ തവണ ജര്‍മ്മനിയോടേറ്റ നാണംകെട്ട തോല്‍വി മായ്ച്ചുകളയുക എന്ന ലക്ഷ്യത്തോടെയാകും കാനറിപ്പട ഇത്തവണ ബൂട്ടുകെട്ടുക. നെയ്മര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഫിലിപ്പ് കുട്ടിഞ്ഞ്യോ, പൗളിന്യോ, കാസെമിറോ, വില്ലിയന്‍, മാര്‍സെലോ, ഡാനി ആല്‍വസ്, തിയാഗോ സില്‍വ എന്നീ വമ്പന്മാരടങ്ങിയ ടീം കടലാസില്‍ കരുത്തരാണ്. ക്ലബ്ബുകള്‍ക്കു വേണ്ടി ഇവര്‍ പുറത്തെടുക്കുന്ന പ്രകടനം റഷ്യയിലും ആവര്‍ത്തിക്കാനായാല്‍ കോച്ച് ടിറ്റെയ്ക്ക് അധികം തലവേദന ഉണ്ടായേക്കില്ല. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ വിജയിച്ച (5) ടീം ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് ബൂട്ടുകെട്ടുക.

 

ബ്രസീല്‍ കഴിഞ്ഞാല്‍ പിന്നെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം അര്‍ജന്റീനയാണ്. 32 വര്‍ഷത്തെ കിരീട ക്ഷാമത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഇത്തവണ റഷ്യയിലെത്തുന്നത്. സ്‌ടൈക്കര്‍മാരുടെ കൂട്ടിയിടിയാണ് ടീമില്‍. മെസിയെ കൂടാതെ, അഗ്യൂറോ, ഹിഗ്വെയ്ന്‍, പൗളോ ഡൈബാല, മൗറോ ഇകാര്‍ദി, ജോവാക്വിന്‍ കൊറിയ എന്നിവരാണ് ടീമിലെ സ്‌ട്രൈക്കര്‍മാര്‍. എന്നാല്‍ മധ്യനിരയിലും പ്രതിരോധത്തിലും കോച്ച് സാംപോളി അത്ര തൃപ്തനല്ല. അതു തന്നെയാണ് അര്‍ജന്റീനയുടെ ബലഹീനതയും.

1966ലെ കിരീട വിജയത്തിനു ശേഷം ലോകകപ്പില്‍ ഓര്‍ക്കാന്‍ നല്ലതൊന്നുമില്ലാത്ത ടീമാണ് ഇംഗ്ലണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗ് നടക്കുന്ന രാജ്യത്തിന് പലപ്പോഴും ലോകപ്പിന്റെ ക്വാര്‍ട്ടറും സെമിയും പോലും കിട്ടാക്കനിയായിരുന്നു. ഈ ചരിത്രം മാറ്റിക്കുറിക്കാനാണ് ഗരെത്ത് സൗത്ത്‌ഗേറ്റിന്റെ കുട്ടികള്‍ ഇത്തവണ റഷ്യയിലെത്തുന്നത്. കംപ്ലീറ്റ് പ്ലെയറെന്ന് സാക്ഷാല്‍ സിദാന്‍ വിശേഷിപ്പിച്ച ടോട്ടന്‍ഹാമിന്റെ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ കുന്തമുന. ഹാരിക്കൊപ്പം ജാമി വാര്‍ഡി, ആഷ്‌ലി യങ്, ഡാനി വെല്‍ബെക്ക് എന്നിവരും ഇംഗ്ലണ്ടിന്റെ പ്രതീക്ഷയാണ്.

ചരിത്രത്തിലെ മികച്ച ടീമുമായാണ് ഫ്രാന്‍സ് ഇത്തവണത്തെ ലോകകപ്പിനെത്തിയിരിക്കുന്നത്. 1998ലെ കിരീട വിജയം ആവര്‍ത്തിക്കാനാകുമെന്നു തന്നെയാണ് കോച്ച് ദിദിയര്‍ ഡെഷാംസിന്റെ പ്രതീക്ഷ. ഒരു പറ്റം പ്രതിഭാധനരായ ചെറുപ്പക്കാരുടെ സംഘമാണ് ഫ്രാന്‍സ് ടീം. അര്‍ജന്റീന ടീം പോലെ തന്നെ ഫ്രാന്‍സിലും സ്‌ട്രൈക്കര്‍മാരുടെ ആധിക്യമാണ്. അന്റോണിയോ ഗ്രീസ്മാന്‍, ഒളിവര്‍ ജിറൂദ്, കിലിയന്‍ എംബാപെ, ഓസ്മാന്‍ ഡെംബെലെ, അന്തണി മാര്‍ഷ്യല്‍, ബെന്‍ യെഡെര്‍ എന്നിവരാണ് ടീമിലെ മുന്നേറ്റനിരക്കാര്‍. ഇവര്‍ക്കൊപ്പം എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ, സാമുവല്‍ ഉംറ്റിറ്റി, റാഫേല്‍ വരാനെ എന്നിവര്‍ കൂടി ചേരുമ്പോള്‍ ഏതൊരു എതിരാളിയേയും തോല്‍പ്പിക്കാന്‍പോന്ന ടീമാകുന്നു ഫ്രാന്‍സ്. ഇവരെ കൂടാതെ കഴിഞ്ഞ യൂറോകപ്പ് ജേതാക്കളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ജെയിംസ് റോഡ്രിഗസിന്റെ കൊളംബിയ എന്നിവയും ശ്രദ്ധിക്കേണ്ട ടീമുകളാണ്.
മാത്രമല്ല തങ്ങളുടെ ദിവസത്തില്‍ ആരെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണ് സെനഗല്‍. 2002ലെ ലോകകപ്പില്‍ അവര്‍ അത് തെളിയിച്ചതാണ്. മുഹമ്മദ് സലാഹിന്റെ കരുത്തിലെത്തുന്ന ഈജിപ്തും ആഫ്രിക്കന്‍ കരുത്തുമായി നൈജീരിയയും അട്ടിമറിക്ക് സാധ്യതയുള്ളവരാണ്.

ഈജിപ്ത്, മൊറോക്കോ, നൈജീരിയ, സെനഗല്‍, ടുണീഷ്യ എന്നിവരാണ് ഇത്തവണ ആഫ്രിക്കന്‍ വന്‍കരയെ പ്രതിനിധീകരിച്ച് ലോകകപ്പിനെത്തുന്നത്. ഏഷ്യന്‍ പ്രതിനിധികളായി ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, കൊറിയ റിപ്പബ്ലിക്ക്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍.
ബെല്‍ജിയം, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഐസ്‌ലാന്‍ഡ്, പോളണ്ട്, പോര്‍ച്ചുഗല്‍, റഷ്യ, സെര്‍ബിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവരാണ് ലോകകപ്പിലെ യൂറോപ്യന്‍ സാന്നിധ്യം. കോസ്റ്റാറിക്ക, മെക്‌സിക്കോ, പനാമ എന്നിവര്‍ വടക്കേ അമേരിക്കയില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടിയവരാണ്. അര്‍ജന്റീന, ബ്രസില്‍, കൊളംബിയ, പെറു, ഉറുഗ്വേ എന്നിവര്‍ തെക്കേ അമേരിക്കന്‍ പ്രതിനിധികളു

(Visited 77 times, 1 visits today)