‘കാവി ഭീകരത’യെച്ചൊല്ലി ബിജെപി–കോൺഗ്രസ് വാക്പോര്; രാഹുൽ മാപ്പുപറയുമോ?

0

ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിക്കു പിന്നാലെ ‘കാവി ഭീകരത’ പ്രയോഗത്തെച്ചൊല്ലി ബിജെപി–കോൺഗ്രസ് വാക്പോര്. കേസിൽ ഒൻപതു പ്രതികളെയും എൻഐഎ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ, ‘കാവി ഭീകരത’ എന്ന പ്രയോഗം പിൻവലിച്ച് മാപ്പു പറയാൻ കോൺഗ്രസ് തയാറാകുമോയെന്ന് ബിജെപി ചോദിച്ചു. 2ജി അഴിമതിക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പുകഴ്ത്തിയ കോൺഗ്രസ്, മക്ക മസ്ജിദ് സ്ഫോടനക്കേസിലെ വിധിയുടെ പേരിൽ അതേ നീതിന്യായ വ്യവസ്ഥയെ കുറ്റപ്പെടുത്തുകയാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

‘കാവി ഭീകരത’ പ്രയോഗം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധിക്കുനേരെയും കടുത്ത വിമർശനമാണ് ബിജെപി നടത്തിയത്. കഠ്‌വ, ഉന്നാവ് എന്നിവിടങ്ങളിൽ പെൺകുട്ടികൾക്കു നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ അർധരാത്രി മെഴുകുതിരി കത്തിച്ചുള്ള റാലിയിലൂടെ പ്രതിഷേധിച്ച സംഭവം ഇതുമായി കൂട്ടിക്കലർത്തിയായിരുന്നു ബിജെപി വക്താവ് സാംപിത് പാത്രയുടെ വിമർശനം.

പ്രതികളെന്നു മുദ്ര കുത്തപ്പെട്ടവരെ വെറുതെവിട്ട സാഹചര്യത്തിൽ, കത്തിച്ച മെഴുകുതിരികളുമായി അർധരാത്രി ഒരിക്കൽക്കൂടി തെരുവിലിറങ്ങി ‘കാവി ഭീകരത’ പ്രയോഗം പിൻവലിച്ച് മാപ്പു പറയാൻ രാഹുൽ ഗാന്ധി തയാറാകുമോ? കോടതിവിധിയോടെ കോൺഗ്രസിന്റെ യഥാർഥ മുഖം വെളിച്ചത്തു വന്നിരിക്കുകയാണ്. ‘കാവി ഭീകരത’യെന്നത് എത്രയോ അപകടം പിടിച്ച പ്രയോഗമാണ് – സാംപിത് പാത്ര ചൂണ്ടിക്കാട്ടി.

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കോടതിവിധിയെ പുകഴ്ത്തിയവർ മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിയെ വിമർശിക്കുകയാണ്. എന്തിനാണ് കോൺഗ്രസ് ഇങ്ങനെ ഇരട്ടത്താപ്പു കാട്ടുന്നത്? കോടതിവിധിയെക്കുറിച്ച് ബിജെപിക്ക് ഒന്നും പറയാനില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തിൽ ഇടപെടാനും ബിജെപിക്കു താൽപര്യമില്ല – സാംപിത് പാത്ര പറഞ്ഞു.

അതേസമയം, മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിയിൽ സംതൃപ്തനല്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ വ്യക്തമാക്കി. സ്ഫോടനം നടക്കുന്ന സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു പാട്ടീൽ. എന്നാൽ, ‘കാവി ഭീകരത’ എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കാവി ഭീകരത’ എന്ന പ്രയോഗം ഞാൻ നടത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരോടാണ് പ്രതികരണം ചോദിക്കേണ്ടത്. എനിക്ക് അറിവില്ലാത്തൊരു കാര്യത്തിന് എന്തിനു ഞാൻ മാപ്പു പറയണം? രാജ്യത്തെ തെറ്റായ ദിശയിൽ നയിക്കുന്നത് കോൺഗ്രസല്ലല്ലോ – ശിവരാജ് പാട്ടിൽ ചൂണ്ടിക്കാട്ടി.

ഒൻപതു പേർ കൊല്ലപ്പെട്ട ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ടവർ കുറ്റക്കാരെന്നു തെളിയിക്കാൻ കേസ് അന്വേഷിച്ച എൻഐഎയ്ക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 10 പ്രതികളില്‍ സ്വാമി അസീമാനന്ദ അടക്കം അഞ്ചുപേരാണു വിചാരണ നേരിട്ടത്. ഹൈദരാബാദിൽ ചാര്‍മിനാറിനു സമീപമുള്ള മക്ക മസ്ജിദില്‍ 2007 ലായിരുന്നു സ്ഫോടനം. ഒൻപതു പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിനെതിരെ പരാതി ഉയർന്നപ്പോൾ കേസ് സിബിഐക്ക് വിടുകയായിരുന്നു. 2011 ലാണ് സിബിഐയില്‍ നിന്ന് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശര്‍മ, നബാകുമാര്‍ ശര്‍മ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാല്‍ രാധേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നുവെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ 64 പേര്‍ മൊഴിമാറ്റി.

(Visited 94 times, 1 visits today)