മഴക്കാല രോഗങ്ങളെ അടുത്തറിയാം

0

 

പണ്ട് കാലം തൊട്ടേ മഴക്കാലം അറുതിയുടെയും വറുതിയുടെയും രോഗങ്ങളുടെയും കാലമായി കണക്കാക്കിയിരുന്നു. മഴക്കെടുതികള്‍ മൂലം ഉള്ള സാമൂഹിക സാമ്പത്തിക അസ്ഥിരതയില്‍ നിന്ന് നമ്മുടെ ജനത പണ്ട് കാലത്തെ അപേക്ഷിച്ച്‌ ഇന്ന് ഒരു പരിധി വരെ മുക്തി നേടിയിട്ടുണ്ട്. എന്നാല്‍ സാംക്രമിക രോഗങ്ങള്‍ ഇന്നും മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്നു. ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകര്‍ച്ച മൂലം പലവിധ സാംക്രമിക രോഗങ്ങള്‍ മഴക്കാലത്ത് കൂടിയ തോതില്‍ കാണപ്പെടുന്നു.കുടി വെള്ളം മലിനപ്പെടുന്നതും, രോഗാണുക്കള്‍ക്ക് പെറ്റ് പെരുകാന്‍ കൂടുതല്‍ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈര്‍പ്പവും ഒക്കെ മഴക്കാലത്ത് ഈ വിധ രോഗങ്ങള്‍ കൂടാന്‍ കാരണമാവുന്നു. മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകള്‍ പെരുകാനും തന്മൂലം കൊതുക് പകര്‍ത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന്‌ പുറമേ രോഗാണു വാഹകരായ ഈച്ചകള്‍ പെരുകുന്നതും വയറിളക്ക രോഗങ്ങള്‍ക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും…

പ്രധാന മഴക്കാല രോഗങ്ങളും ലക്ഷണങ്ങളും 

മഞ്ഞപ്പിത്തം: മലിനമായിക്കിടക്കുന്ന വെള്ളത്തിലൂടെയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും ആണ് ഇത് പകരുന്നത്. കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് നിറവ്യത്യാസം ആഹാരത്തോട് വെറുപ്പ് ഇവയാണ് ലക്ഷണങ്ങള്‍.

ചിക്കുന്‍ ഗുനിയ : ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് ചിക്കുന്‍ ഗുനിയ പരത്തുന്നത്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ആണ് ചിക്കുന്‍ഗുനിയ പെട്ടെന്ന് പകരുന്നത് . സന്ധികളിലെ നീരും വേദനയുമാണ് ലക്ഷണങ്ങള്‍.

ഡെങ്കിപ്പനി : ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് ഇവി്യും പ്രധാന വില്ലന്‍. പനി, ശരീരവേദന, ശരീരത്തിലെ നിറമാറ്റം,രക്തത്തിലെ പ്‌ളേറ്റ് ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് ലക്ഷണങ്ങള്‍.

കോളറ: വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന രോഗം . പനി, ഛര്‍ദി, വയറിളക്കം, ചര്‍മത്തിന് തണുപ്പ് അനുഭവപ്പെടുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ടൈഫോയ്ഡ് : രോഗിയുടെ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയോ മറ്റോ പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മലമ്പനി : അനോഫിലസ് കൊതുകുകള്‍ മലമ്പനി പരത്തുന്നു. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടിത് വിറയലായി മാറുന്നു. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകാനും സാധ്യത കൂടുതലാണ്.

മന്തുരോഗം: മാന്‍സോണിയ കൊതുകുകളാണ് മന്ത് രോഗം പരത്തുന്നത്. മന്ത് രോഗം എന്നത് ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാവുകയും
അത് കെട്ടികിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് . ചിലരില്‍ പൊട്ടി അണുബാധ ഉണ്ടാകാനും സാധ്യത ഉണ്ട്.

വൈറല്‍ പനി : എളുപ്പം പടര്‍ന്നു പിടിക്കുന്ന പനി. ശക്തിയായ ജലദോഷവും തുമ്മലും, ശരീര വേദന എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍.

മഴക്കാല രോഗങ്ങള്‍ക്കുള്ള പ്രതിവിധി

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസ്സര്‍ജനം നടത്താതിരിക്കുക, അങ്ങനെ ചെയ്യുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുക കാരണം മാനക്കേടു നോക്കേണ്ടതില്ല, നമ്മുടെ ആരോഗ്യത്തിനു വേണ്ടി ആണെന്ന് പറഞ്ഞു കൊടുക്കുക. പരിപൂര്‍ണ്ണ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലിക്കുന്നതിലൂടെയും മഴക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്.

കൂടാതെ പഴം പച്ചക്കറികള്‍ എന്നിവ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്ന വെള്ളവും വൃത്തിയായും അടച്ചുവെച്ചും മാത്രം ഉപയോഗിക്കുക. വീട്ടു പരിസരത്ത് വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ഇങ്ങനെയെല്ലാം മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാവുന്നതാണ്. ഇവയ്ക്കു പുറമെ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല , നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും രോഗത്തെ ഒരു വിധം തടുക്കാന്‍ ഉപകരിക്കും.

(Visited 21 times, 1 visits today)