മലയാളികള്‍ പാടിയ അയ്യപ്പന്റെ പ്രണയം

0

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളില്‍.
പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരം
പറഞ്ഞുതന്നവളുടെ ഉപഹാരം
ജീവിതത്തെ തന്നെ കവിതയാക്കി മാറ്റി അയ്യപ്പന്റെ വരികളാണ് ഇവ. ജനനവും മരണവും ഇല്ലാത്തവന്‍ എന്ന് സ്വയം വിശേഷിപ്പിച്ച കവി.തന്റെ ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ മലയാളിക്കു മുന്നില്‍ തുറന്നുവെച്ച് രഹസ്യങ്ങളില്ലാത്ത മനുഷ്യനായി ജീവിച്ചു. ഓരോ പ്രണയാഘോഷത്തിലോ വിരഹത്തിലോ അയ്യപ്പന്‍ കവിതകള്‍ ഉരുവിടാത്ത ചുണ്ടുകള്‍ മലയാളത്തില്‍ വിരളമാണ്. പ്രണയ ഭാവുകങ്ങളെ സ്വന്തം തൂലിക കൊണ്ട് തളച്ച അയ്യപ്പന്‍, നടന്ന വഴികളിലൊക്കെയും പ്രണയത്തീയുടെ പൊള്ളലുകള്‍ ദൃശ്യമായിരുന്നു.അനാഥനായ തന്നെ കവിത സനാഥനാക്കിയെന്ന് അയ്യപ്പന്‍ ആവര്‍ത്തിക്കുമ്പോള്‍ കവിതയില്‍ വിരിഞ്ഞ പ്രണയലോകങ്ങളൊക്കെയും മലയാളത്തിലെ സാഹിത്യലോകത്ത് തന്നെ അത്ഭുതമായിരുന്നു. അയ്യപ്പന്‍ കവിതകളിലെ ആവര്‍ത്തിക്കുന്ന തികട്ടലാണ് പ്രണയം. അതില്‍ പ്രണയത്തിന്റെ നനുത്ത ഓര്‍മകളുണ്ട്, നഷ്ടപ്രണയത്തിന്റെ കണ്ണുനീരുണ്ട്, പ്രണയത്തിന്റെ പ്രതീക്ഷകളുണ്ട്.
‘കരളുപങ്കിടാന്‍ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍’
പ്രണയം വിളിച്ചാല്‍ ഉറക്കെ വിളികേള്‍ക്കുന്ന അയ്യപ്പന്‍ തിരസ്‌കരിച്ച യാഥാസ്ഥിതിക ജീവിതവഴികളില്‍ മുറുകെപിടിച്ചത് പ്രണയമെന്ന ലഹരിയെയും മരണമെന്ന യാഥാര്‍ഥ്യത്തെയുമാണ്.ഈ പ്രണയദിനത്തില്‍ പ്രണയവികാരങ്ങളെ ആത്മാവ് കൊണ്ട് പകര്‍ത്തിയെഴുതിയ കവിയെ നമ്മുക്ക് ഓര്‍ക്കാം.

(Visited 78 times, 1 visits today)