ബിജെപിയെ പരിഹസിച്ചു കോൺഗ്രസും തൃണമൂൽ കോൺഗ്രസും; ഇത് അന്ത്യത്തിന്റെ ആരംഭമെന്നു മമത ബാനർജി

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി നേരിട്ട ബിജെപിയെ പരിഹസിച്ചു

0

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി നേരിട്ട ബിജെപിയെ പരിഹസിച്ചു കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്ത്. വിജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാർഥിക്കു ജനങ്ങൾ വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ബിജെപി സഖ്യത്തോടു ജനങ്ങൾ കടുത്ത രോഷത്തിലാണ്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഒരു രാത്രി കൊണ്ടു സംഭവിക്കില്ലെന്നും രാഹുൽ ഓർമിപ്പിച്ചു. ഗോരഖ്പുരിലും ഫുൽപുരിലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായിരുന്നില്ല. അതേസമയം, ജനവിധി അംഗീകരിക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പുഫലം അപ്രതീക്ഷിതമാണ്. വീഴ്ചകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും രൂക്ഷമായ ഭാഷയിലാണു ബിജെപിയെ വിമർശിച്ചത്. ഗോരഖ്പുരിലും ഫുൽപുരിലും നേടിയ തകർപ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ അഭിനന്ദിച്ച മമത, ചിലരുടെ അന്ത്യത്തിന്റെ ആരംഭമാണിതെന്നും പ്രഖ്യാപിച്ചു.

(Visited 124 times, 1 visits today)