പിണറായിയിലെ മരണങ്ങൾ: കൊലപ്പെടുത്തിയത് എലിവിഷം നൽകി; കുടുംബാംഗമായ യുവതി അറസ്റ്റിൽ

0

ദുരൂഹസാഹചര്യത്തിൽ പിണറായിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ കുടുംബാംഗമായ വണ്ണത്താംകണ്ടി സൗമ്യ (28) കുറ്റം സമ്മതിച്ചു. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒൻപതിനാണ് കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു.

തലശ്ശേരി റസ്റ്റ് ഹൗസിൽ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾക്കും ഒരു മകൾക്കും എലിവിഷം നൽകിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലിൽ സൗമ്യ സമ്മതിച്ചു. അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീൻ കറിയിലും മകൾ ഐശ്വര്യയ്ക്കു ചോറിലും വിഷം നൽകിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകൾ കീർത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവർ മൊഴി നൽകിയതായാണ് വിവരം. അവിഹിതബന്ധങ്ങൾക്കു തടസം നിൽക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

നേരത്തെ സ്വാഭാവിക മരണമെന്ന നിലയിലാണു മരണങ്ങൾ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. സമാന സ്വഭാവമുള്ള മരണങ്ങൾ സംശയം ഉയർത്തിയതിനെത്തുടർന്നാണ് സൗമ്യയെ ചോദ്യം ചെയ്തത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഈ വീട്ടിൽ മരിച്ച കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു.

മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ കോടതി നിർദേശപ്രകാരമാണ് ഐശ്വര്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം പോസ്റ്റുമാർട്ടം ചെയ്യാനായി പുറത്തെടുത്തത്. ഈ വർഷം ജനുവരി 21നാണു വയറ്റിലെ അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടി മരിച്ചത്. അന്നു മരണത്തിൽ അസ്വാഭാവികത തോന്നാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.

കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ സംഭവമുണ്ടായത്. ഛർദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെയും മരണത്തിൽ ദുരൂഹത ബലപ്പെട്ടത്.

തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയിൽ സഹകരിച്ചിരുന്നില്ല. ഛർദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉളളിലെത്തി എന്നതിൽ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ കേസിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ചോദ്യങ്ങളും സംശയങ്ങളും ഒരുപാട്

കണ്ണൂര്‍ പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേരുടെ തുടര്‍മരണങ്ങള്‍, അതിലെ ദുരൂഹതകള്‍, കേരളം അതിന്‍റെ ഞെട്ടലിലായിരുന്നു. സര്‍വരെയും അമ്പരപ്പിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ വീട്ടമ്മ സൗമ്യയെത്തേടി പൊലീസെത്തിയപ്പോള്‍ ആ അമ്പരപ്പ് ഇരട്ടിയായി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു.

വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി‍. എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്ഫൈഡാണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്തത്. എന്നാല്‍ ഇത് ഉള്ളിൽച്ചെന്ന ലക്ഷണവുമായി സൗമ്യ എങ്ങനെ ആശുപത്രിയിലായി എന്നതായിരുന്നു പ്രധാന ചോദ്യം.

സൗമ്യയുടെ മെ‍ഡിക്കൽ പരിശോധനയിൽ അവരുടെ ശരീരത്തില്‍ നിന്ന് രാസവസ്തുക്കളുടെ സൂചന ലഭിക്കാത്തത് പൊലീസിൽ സംശയമുണർത്തി. ചർദ്ദിയുടെ അസുഖം പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന സൗമ്യയെ അയല്‍വാസികളാണ് നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കിയത്.

(Visited 267 times, 1 visits today)