ലോകസഭാ സീറ്റിൽ മത്സരിക്കാൻ ആളില്ല ; ബി ജെ പി ക്ക് അടിപതറുന്നു

0

തെലങ്കാനയില്‍ ബി.ജെ.പിക്ക് അടിപതറുന്നു. വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കാനായി നേതാക്കളെ കിട്ടാനില്ല എന്ന അവസ്ഥയിലാണ് പാര്‍ട്ടി. സംസ്ഥാനത്തെ പത്ത് ലോക്‌സഭാ സീറ്റിലേക്കാണ് മത്സരിക്കാന്‍ ആളില്ലാത്തത്. ബി.ജെ.പി സംസ്ഥാന ഘടകം തന്നെയാണ് ഇതിനെ കുറിച്ച്‌ വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ പ്രകടനം കാഴ്ച്ചവെക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ അതിന് കഴിയുന്നില്ല.2014ല്‍ ബി.ജെ.പിക്ക് തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് എട്ട് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിജയിച്ചത് ആകെ ഒരു സീറ്റില്‍ മാത്രമായിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മറ്റ് പാര്‍ട്ടികള്‍ ബി.ജെ.പിയുമായി സഖ്യം ചേരാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ സ്വതന്ത്രമായി 17സീറ്റുകളില്‍ മത്സരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.നിലവില്‍ സ്ഥാനാര്‍ത്ഥികള്‍ കുറവായതിനാല്‍ കഴിഞ്ഞ ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെട്ടവര്‍ക്ക് തന്നെയാകും ടിക്കറ്റ് നല്‍കുമെന്നാണ് വിവരം. ‘നിസാമാബാദ്,​ സെക്കന്ദരാബാദ്,​ ഹൈദരാബാദ് എന്നിവിടങ്ങളില്‍ പാര്‍‌ട്ടിക്ക് ശക്തരായ നേതാക്കളുണ്ട് എന്നാല്‍ മറ്റിടങ്ങളിലെ അവസ്ഥ വിഭിന്നമാണ്. പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങളിലെ സംവരണ സീറ്റുകളില്‍’ ​- മുതിര്‍ന്ന ബി.ജെ.പി നേതാവ് രാമചന്ദ്ര റാവു വ്യക്തമാക്കി. വന്‍ പരാജയങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായില്ലെങ്കിലും പാര്‍ട്ടിക്ക് വോട്ട് നില ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട് ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

(Visited 231 times, 1 visits today)