തോന്നിയപോലെ മാർക്കിട്ട് അധ്യാപകർ; കുത്തഴിഞ്ഞ് സാങ്കേതിക സർവകലാശാല

0

സാങ്കേതിക സർവകലാശാലയിലെ ബിടെക് മൂല്യനിർണയം കുത്തഴിഞ്ഞ നിലയിൽ. മൂല്യനിർണയത്തിൽ അധ്യാപകർ കാട്ടുന്ന അനാസ്ഥ കാരണം വിദ്യാർഥികൾ പ്രയാസത്തിലാണ്. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖല വ്യത്യാസമില്ലാതെയാണ് എൻജിനീയറിങ് കോളജ് അധ്യാപകർ അലക്ഷ്യമായി മൂല്യനിർണയം നടത്തി മാർക്കിടുന്നത്. തോന്നിയപോലെ മാർക്കിട്ട അഞ്ചോളം അധ്യാപകർക്കു സർവകലാശാല 5,000 രൂപ വീതം പിഴ ചുമത്തിയെങ്കിലും ദയനീയാവസ്ഥ തുടരുന്നു.

ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ ശേഷം അധ്യാപകർ തന്നെ ബാർകോഡ് സ്കാൻ ചെയ്ത് മാർക്ക് അപ്‌ലോഡ് ചെയ്യണം. എന്നാൽ ഉത്തരക്കടലാസിൽ ഇടുന്ന മാർക്കല്ല അപ്‌ലോ‍ഡ് ചെയ്യുന്നതെന്നാണ് ആക്ഷേപം. ചില ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിടുന്നു. ഉത്തരം വായിച്ചു നോക്കാതെ വെറുതെ മാർക്കിടുന്ന അവസ്ഥയുമുണ്ട്. 500 രൂപ കൊടുത്താൽ ഉത്തരക്കടലാസുകളുടെ പകർപ്പ് ഓൺലൈനായി വിദ്യാർഥികൾക്കു ലഭിക്കും. വിദ്യാർഥികളിൽ പലരും പകർപ്പ് എടുത്തതോടെയാണു മൂല്യനിർണയം കുത്തഴിഞ്ഞ നിലയിലാണെന്ന സത്യം പുറത്തായത്.

എല്ലാ സർവകലാശാലകളിലും ഇതേ പ്രശ്നമുണ്ടെന്നും സാങ്കേതിക സർവകലാശാലയിൽ പകർപ്പ് എടുക്കാൻ അനായാസം സാധിക്കുന്നതിനാലാണ് ഇതു പുറത്തുവരുന്നതെന്നുമാണ് അധികൃതർ പറയുന്ന ന്യായം. ഈ പ്രശ്നത്തിനു പരിഹാരമായി ഓൺലൈൻ മൂല്യനിർണയം നടപ്പാക്കാൻ മുൻ വൈസ് ചാൻസലറുടെ കാലത്തു ശ്രമിച്ചിരുന്നുവെങ്കിലും പ്രക്ഷോഭത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഓൺലൈൻ മൂല്യനിർണയം നടത്തുമ്പോൾ മുഴുവൻ ഉത്തരങ്ങൾക്കും മാർക്കിട്ടില്ലെങ്കിൽ അത് സബ്മിറ്റ് ചെയ്യാനാവില്ല.

മുൻ വിസിയുടെ കാലത്ത് അച്ചടക്കം അടിച്ചേൽപ്പിക്കുന്നുവെന്നായിരുന്നു പരാതിയെങ്കിൽ ഇപ്പോൾ അച്ചടക്കമേ ഇല്ലാത്ത അവസ്ഥയാണ്. വിസി രാജിവച്ചു പോയ ശേഷം കുസാറ്റ് വിസിക്കാണു സർവകലാശാലയുടെ അധികച്ചുമതല. അവർക്ക് ഇവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. പ്രോ വൈസ് ചാൻസലർ നിലവിലുണ്ടെങ്കിലും അദ്ദേഹം ഒരു കാര്യത്തിലും ഇടപെടാറില്ലെന്നാണു വിദ്യാർ‌ഥികൾ പറയുന്നത്. ഫലത്തിൽ റജിസ്ട്രാർ, ഡീൻ, കൺട്രോളർ എന്നിവരുടെ ഭരണത്തിലാണു സർവകലാശാല.