നികുതി വെട്ടിപ്പ്: ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി

0

നികുതി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികള്‍ ആദായ നികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടി. കേരളത്തിനകത്തും പുറത്തുമുളള 36 ആസ്തി വകകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി ഉത്തരവിറക്കിയത്.
നികുതി വെട്ടിപ്പുകാരില്‍ പിടിമുറുക്കാന്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 132 9-ബിയില്‍ ഭേദഗതി വരുത്തിയിരുന്നു. നികുതി അടയ്ക്കാത്തവരുടെ ആസ്തി കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ പുതിയ നിയമമനുസരിച്ചുളള കേരളത്തിലെ ആദ്യ നടപടിയാണിത്.
കേരളത്തിലെ എട്ടു സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ കീഴിലേയും ബെംഗളൂരുവിലേയും ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികളാണ് താത്ക്കാലികമായി കണ്ടുകെട്ടിയത്. നാഗാലന്‍ഡിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനും ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമയുമായ എം.കെ.ആര്‍.പിള്ള ഭാര്യ വത്സല, മക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവരുടെ പേരിലുള്ള ആസ്തികളാണിത്.
നാഗാലാന്‍ഡിലെ സേവനത്തിനിടെ ബിനാമി ഇടപാടുകളിലൂടെ എം.കെ.ആര്‍ പിളള കോടികള്‍ കേരളത്തിലേക്ക് കടത്തിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിയും പിഴയും അടക്കം 288 കോടി രൂപ സര്‍ക്കാരിലേക്ക് അടക്കാന്‍ ആദായ നികുതി വകുപ്പ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നികുതി അടക്കാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.

(Visited 49 times, 1 visits today)