തേനിയിലെ കാട്ടുതീ നിയന്ത്രണവിധേയം;മരണസംഖ്യ 14 ആയി

0

തമിഴ്നാട് അതിര്‍ത്തിയിലെ കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായതായി സൂചന. തമിഴ്നാട്, കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമൊപ്പം സൈന്യവും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം വഴി 28 പേരെ വനത്തില്‍ നിന്നും പുറത്തേക്കെത്തിച്ചതായാണ് വിവരം. കാട്ടുതീയെ തുടര്‍ന്ന് കൂട്ടംതെറ്റിപ്പോയവരെ കണ്ടെത്താനായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്.

ഇന്നലെ വൈകുന്നേരം ആളിക്കത്തിയ ഇന്ന് അല്‍പം ശമിച്ചു തുടങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സാധിച്ചത്. ദുരന്തത്തില്‍ 14 പേര്‍ മരിച്ചതായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന കേരളാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനൗദ്യോഗിക വിവരം. ഒന്‍പത് പേരുടെ മരണം തേനി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളേയും പുറത്ത് എത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ നടപടി പൂര്‍ത്തിയായ ശേഷമായിരിക്കും മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക. മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന.

ഇതുവരെയായി 28 പേരെ വനത്തില്‍ നിന്നും രക്ഷിച്ചു പുറത്തെത്തിച്ചിട്ടുണ്ട്. ഇതില്‍ 17 പേര്‍ തേനി,മധുര ആശുപത്രികളിലാണുള്ളത്. ഇവരില്‍ നാല് പേര്‍ക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പത്ത് പേരെ പ്രാഥമിക ശ്രൂശൂഷയ്ക്ക് ശേഷം ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നുമായി ട്രെക്കിംഗിന് പോയ കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

കൊള്ളുക്ക് മലയുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് അപകടത്തില്‍പ്പെട്ടവരെ ആദ്യം കൊണ്ടു വരുന്നത് ഇവിടെ നിന്നും ഗുരുതരമായി പരിക്കേറ്റവരെ ആണ് തേനി, മധുര ആശുപത്രികളിലേക്ക് മാറ്റുന്നത്. എത്ര പേര്‍ ട്രെക്കിംഗ് നടത്തിയെന്ന കൃത്യമായ വിവരം ലഭ്യമാല്ലത്തതിനാല്‍ രക്ഷപ്പെട്ടവരുടേയും മരണപ്പെട്ടവരുടേയുംഎണ്ണം കൃത്യമായി പറയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ചെങ്കുത്തായ വനമേഖലയിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാണെന്നാണ് സൂചന.

വനംവകുപ്പിന്‍റെ അനുമതിയില്ലാതെ അനധികൃതമായി ട്രെക്കിംഗ് നടത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അറിയുന്നത്.

(Visited 52 times, 1 visits today)