സിറോ മലബാർ ഭൂമി ഇടപാട്: പ്രതികളുടെ ഹർജി ഹൈക്കോടതി പരിഗണിക്കും

0

സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കേസെടുക്കണമെന്ന സിംഗിൾ ബെ‌ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുളളവർ സമർപ്പിച്ച അപ്പീ‌ൽ ഹൈക്കോടതി ഡിവിഷൻ ബെ‌‌ഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ എഫ്ഐആറും തുടർനടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെയും വിവിധ വിശ്വാസി സംഘടനകൾ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകി.

കേസിലെ നാല് പ്രതികളിൽ കർദ്ദിനാൾ മാർജോർജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, ഇടനിലക്കാരനായിരുന്ന സാജു വർഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെ‌ഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി ഉത്തരവനുസരിച്ച് കർദിനാളടക്കം നാലുപേരെ പ്രതികളാക്കി കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാൽ അപ്പീലിൽ തീരുമാനമാകുംവരെ തുടർ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെയും അൽമായ പ്രസ്ഥാനങ്ങളിലെ നേതാക്കളും, മുൻകാല നേതാക്കളും ചേർന്ന് ആർച്ച് ഡയസീഷ്യൻ മൂവ്മെന്റ് ഫോർ പീസ് എന്ന പുതിയ ഫോറം രൂപീകരിച്ചു.

ഭൂമി ഇടപാട് സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ അവസാനിപ്പിച്ച് പ്രശ്നം വൈദികരും വിശ്വാസി സമൂഹവും ഒറ്റക്കെട്ടായി നിന്ന് പരിഹരിക്കണമെന്നാണ് ആവശ്യം. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കർദ്ദിനാളിനും,സഹായമെത്രാന്മാർക്കും കത്ത് കൈമാറിയ സംഘടനാ പ്രതിനിധികൾ സിനഡിനെയും വരും ദിവസങ്ങളിൽ കാണും.