തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷന്‍

0

വോട്ടര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ പുതുക്കിയ അപേക്ഷ ഫയല്‍ ചെയ്തു.

എ.കെ. ജോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ, കഴിഞ്ഞ ജൂലായ് ആറിനാണ് കമ്മിഷന്‍ മുന്‍നിലപാട് മാറ്റി പുതിയ അപേക്ഷ നല്‍കിയത്. വോട്ടര്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നുതന്നെയായിരുന്നു നേരത്തേയും കമ്മിഷന്റെ നിലപാട്. എന്നാല്‍, അത് നിര്‍ബന്ധമാക്കണമെന്ന് അഭിപ്രായമുണ്ടായിരുന്നില്ല. അന്ന് ആധാര്‍ നിയമം പാര്‍ലമെന്റ് അംഗീകരിച്ചിരുന്നില്ലെന്നും ഇപ്പോള്‍ സ്ഥിതിമാറിയെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2017 മാര്‍ച്ചില്‍ പാസാക്കിയ ആധാര്‍ നിയമം ജൂലായിലാണ് വിജ്ഞാപനം ചെയ്തത്.

എച്ച്.എസ്. ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന കാലത്ത് 2015 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കമ്മിഷന്‍ തുടങ്ങിവെച്ചത്. ദേശീയ തിരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരണ പദ്ധതിയുടെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അന്ന് മാര്‍ഗരേഖയുമിറക്കി.

(Visited 19 times, 1 visits today)