കൊടും ചൂടിൽ തണുത്ത വെള്ളം കുടിച്ചാൽ – ചൂടുകാലത്തെ ഭക്ഷണ ശീലങ്ങൾ

0

കൊടും ചൂടിൽ നല്ല തണുത്തവെള്ളം കുടിക്കാൻ കിട്ടിയാൽ പിന്നെ ഇടം വലം നോക്കാതെ കുടിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ ഇതിനു പിന്നിൽ പതിയിരിക്കുന്ന അപകടം ആരും തിരിച്ചറിയുന്നില്ലെന്നു മാത്രം. ശരീരം തണുക്കും മുമ്പ് അമിത തണുപ്പ് ശരീരത്തിലേയ്ക്കു ചെന്നാൽ തൊണ്ടവേദനയും ഇൻഫെക്ക്ഷനും ഉറപ്പാണ്. ഒപ്പം വയറിനും നല്ലതല്ലെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

തിളപ്പിച്ചാറ്റിയ വെള്ളമാണ് എപ്പോഴും ദാഹത്തിന് ഉത്തമം. മോരും വെള്ളവും കരിക്കിൻ വെള്ളവും ഈ കൊടും വേനലിൽ ശരീരത്തിന് തണുപ്പു പകരാൻ നല്ലതാണ്. വഴിയരികിൽ മധുരവും കളറും ചേർത്ത് വച്ചിരിക്കുന്ന കൃത്രിമ ജൂസുകൾ ആരോഗ്യത്തിന് ഒട്ടും നല്ലതായിരിക്കില്ല. ഫ്രഷ് ജൂസുകൾ നല്ലതാണെങ്കിലും ഐസും പഞ്ചസാരയും അധികമായി ഉപയോഗിച്ചുള്ളത് ഒഴിവാക്കുന്നതാണ് ഉത്തമം. ഈ കൊടും വേനലിൽ ഭക്ഷണത്തിലും വെള്ളത്തിലും വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ അനാരോഗ്യമായിരിക്കും ഫലം. മിതമായ ആഹാരമാണ് വേനലിൽ നല്ലത്. അതും എളുപ്പം ദഹിക്കുന്നവ. ചോറുകഴിക്കുന്നവർ നന്നായി വെന്ത ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നതാണ് ഉത്തമം.

പഴങ്ങളും വേവിവക്കാത്ത പച്ചക്കറിയും അധികം കഴിക്കുന്നത് വേനലിൽ ആരോഗ്യകരമായ ശീലമാണ്. ചക്ക, മാങ്ങാക്കാലമായതിനാൽ ഈ ചൂടുകാലത്ത് ഇത് പരമാവധി ഉപയോഗിക്കാം. അതേ സമയം തണ്ണിമത്തനും ഓറഞ്ചും പൂവൻ പഴവും എല്ലാം ശരീരത്തിന് ആവശ്യത്തിന് മിനറൽസ് നൽകുന്നു. അതേ സമയം എരിവും പുളിയും പരമാവധി ഒഴിവാക്കുന്നതും നന്നായിരിക്കും. കറികളിൽ മുളകുപൊടിയ്ക്കു പകരം പച്ചമുളകും കരുമുളകും കൂടുതൽ നന്ന്. മൽസ്യം വേണമെന്നുള്ളവർ ചെറുമീനുകൾ തിരഞ്ഞെടുക്കുക. മത്തിയും മറ്റു പൊടിമീനുകളും നല്ലതാണ്. ബീഫ് ഉപയോഗം ഏതു കാലത്തായാലും നിയന്ത്രിച്ചു തന്നെ വേണം.

(Visited 111 times, 1 visits today)