സോനം കപൂറിന്റെ വിവാഹച്ചടങ്ങുകൾ മതവികാരം വ്രണപ്പെടുത്തി; സോനം-ആനന്ദ് വിവാഹത്തിനെതിരേ എസ്.ജി.പി.സി

0

ബോളിവുഡും ആരാധകരും ആഘോഷമാക്കിയ ഒന്നായിരുന്നു സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം. ബോളിവുഡിലെ പ്രമുഖര്‍ ഒന്നടങ്കം വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മെയ് എട്ടിന് മുംബൈയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവില്‍ വച്ച് പരമ്പരാഗത സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. എന്നാല്‍ ഇപ്പോള്‍ വിവാഹച്ചടങ്ങുകൾ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍.

വിവിധ ഗുരുദ്വാരകളുടെ ഭരണച്ചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആണ് വിവാഹച്ചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ ആരോപണങ്ങളുമായി വന്നിരിക്കുന്നത്. വിവാഹ സമയത്ത് ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നാണ് പ്രധാന ആരോപണം.

സിഖ് മതാചാരപ്രകാരം വിവാഹച്ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നിൽ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണം എന്നാണ്. എന്നാല്‍ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച എസ്.ജി.പി.സി കമ്മിറ്റി അംഗങ്ങള്‍ അടക്കം ആരും തന്നെ ഇവ അഴിച്ചു മാറ്റാത്തതിനാല്‍ പരാതി അകാല്‍ തക്തിന് മുമ്പാകെ ബോധിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിന് നേതൃത്വം നല്‍കിയ എസ്.ജി.പി.സി അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ടോ എന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.

(Visited 78 times, 1 visits today)