വ്യാജ ഹർത്താൽ വാട്സാപിൽ പ്രചരിപ്പിച്ചവർ കുടുങ്ങും; എസ്ഡിപിഐ സംശയനിഴലിൽ

0

സമൂഹമാധ്യമത്തിലൂടെ അപ്രഖ്യാപിത സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. ഹർത്താലിനു വാട്സാപ് വഴി പ്രചാരണം നടത്തിയവർ കുടുങ്ങും. ഹർത്താൽ ആഹ്വാനം ചെയ്ത വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ സെബൽസെൽ ശേഖരിച്ചു. ഇവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കും. ഫോൺ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സന്ദേശങ്ങൾ ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നു വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അതിനിടെ, അപ്രഖ്യാപിത ഹര്‍ത്താലിന് എസ്ഡിപിഐയ്ക്കു പങ്കുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള സന്ദേശം പ്രചരിപ്പിച്ചത് ഇവരാണെന്നാണു കണ്ടെത്തല്‍. കസ്റ്റഡിയിലായവരിൽ ഭൂരിഭാഗവും എസ്ഡിപിഐ അനുകൂലികളാണെന്നതും സംശയത്തിനു ബലമേകുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി. ഹര്‍ത്താലിനിടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നാണു റിപ്പോര്‍ട്ട്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്തു പലയിടത്തും കടയടപ്പിക്കലും വാഹനങ്ങള്‍ തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. ഇരുനൂറിലധികം പേര്‍ അറസ്റ്റിലായി. മലപ്പുറത്തു മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. കഠ്‍വയിൽ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ഹര്‍ത്താലെന്ന പ്രചാരണമാണു വാട്സാപ്പിലൂടെ നടന്നത്.

(Visited 207 times, 1 visits today)