കോടതി വിധിയ്ക്ക് പുല്ലുവില; സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റിനു സമീപത്തെ വീട് കൂടുതല്‍ അപകടാവസ്ഥയില്‍.

0

കോട്ടയം (കഞ്ഞിക്കുഴി): പ്രമുഖ ഫ്ലാറ്റ് നിര്‍മാതാക്കളായ സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ ‘പേള്‍’ എന്ന ആഡംബര ഫ്ലാറ്റിന്റെ നിര്‍മാണത്തിനായി നടത്തിയ നിയമവിരുദ്ധമായ മണ്ണെടുപ്പിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കഞ്ഞിക്കുഴി കുന്നേല്‍ ബിബിന്‍ ജേക്കബിന്റെ വീട് കൂടുതല്‍ അപകടത്തില്‍.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വീടിന്റെ മുന്‍പിലെ മണ്ണ് ഇടിഞ്ഞു താഴ്ന്ന് വീട് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിരിക്കുകയാണ്. സമീപവാസികളായ ജോര്‍ജ് ചണ്ടി ആമക്കാട്, സണ്ണി പര്‍ത്താനം എന്നിവരുടെയും വീടുകള്‍ അപകട ഭീഷണിയിലാണ്. അറുപത് അടിയോളം താഴ്ചയിലാണ് ഇവിടെ നിന്നും മണ്ണ് നീക്കം ചെയ്തിരിക്കുന്നത്. സുരക്ഷാ ഭിത്തി നിര്‍മിക്കാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മഴ കനത്തതോടെ ബിബിന്‍, ജോര്‍ജ് ചാണ്ടി, സണ്ണി എന്നിവരുടെ വീടുകള്‍ കൂടുതല്‍ അപകടാവസ്ഥയിലായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇവര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അനധികൃതമായി നീക്കം ചെയ്ത മണ്ണ് തിരികെ നിക്ഷേപിച്ച് തങ്ങളുടെ വീടുകള്‍ സുരക്ഷിതമാക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് മൂവരുടെയും ആവശ്യം.

നിയമവിരുദ്ധമായ കെട്ടിട നിര്‍മാണം സമീപവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലായതിനാല്‍ പ്രദേശവാസികള്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധത്തിലാണ്.
ആഗസ്റ്റ് 5ന് എല്ലാവിധ നിര്‍മാണവും നിര്‍ത്തിവയ്ക്കാന്‍ ബഹു. ഹൈക്കോടതി ഉത്തരവിട്ടിട്ടും ആഗസ്റ്റ് 16 വരെ സ്കൈലൈന്‍ ബില്‍ഡേഴ്സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു എന്നും കോടതി ഉത്തരവ് ലംഘിച്ച് നിര്‍മാണം നടത്തുന്ന വിവരം പോലീസില്‍ നിരവധി തവണ അറിയിച്ചെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും മുനിസിപ്പാലിറ്റിയുടെയും പോലീസിന്റെയും ഒത്താശയോടെയാണ് സ്കൈലൈന്‍ ബില്‍ഡേഴ്സ് നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്നും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.

കെട്ടിട നിര്‍മ്മാണ അനുവാദ പത്രത്തില്‍ തിരിമറി, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും പ്രതിക്കൂട്ടില്‍

‘പേള്‍’ എന്ന പേരില്‍ നിര്‍മാണം നടക്കുന്ന കഞ്ഞിക്കുഴിയിലെ 20 നില കെട്ടിടത്തിനു വേണ്ടി ‘കെട്ടിട നിര്‍മാണ അനുവാദ പത്രം’ നല്‍കിയിരിക്കുന്നതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. 2014ല്‍ അനുവദിച്ച ‘മാര്‍വി ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ ഉടമയായ കെ. വി ഏബ്രഹാമിന്റെ പേരിലാണ് മുനിസിപ്പാലിറ്റിയില്‍നിന്നും കെട്ടിട നിര്‍മാണ അനുമതി പത്രം നേടിയിരിക്കുന്നത്. PW3/BA/298/13-14 എന്ന നമ്പരില്‍ നല്‍കിയിരിക്കുന്ന അനുമതി പത്രത്തില്‍ ‘കൊമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍’ ഫ്ലാറ്റ് നിര്‍മിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം ‘മൈനിംഗ് ആന്‍ഡ് ജിയോളജി’ വകുപ്പിനു നല്‍കിയിരിക്കുന്ന ഇതേ അനുമതി പത്രത്തില്‍ ‘റസിഡന്‍ഷ്യല്‍ ഫ്ലാറ്റ്’ എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട നിയമത്തില്‍ ഇളവ് ലഭിക്കാനാണ് അനുമതി പത്രത്തില്‍ തിരിമറി നടത്തിയിരിക്കുന്നതെന്ന് ആക്ഷന്‍ കൌണ്‍സില്‍ ആരോപിച്ചു. ഇതിനു പിന്നില്‍ ചില പ്രാദേശിക നേതാക്കളുടെ പങ്കും ആക്ഷന്‍ കൌണ്‍സില്‍ സംശയിക്കുന്നു. മുനിസിപ്പാലിറ്റിയില്‍നിന്നും, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്നും ലഭിച്ച വിവരാവകാശ രേഖകളിലാണ് വൈരുദ്ധ്യം പ്രകടമായിരിക്കുന്നത്. ഈ രേഖകളുമായി വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനെ നേരിട്ട് ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍.

skyline-municipality-orginal-building-permit skyline-mining-geology-building-permit

ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഒരു മനുഷ്യന്റെ മൌലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. എന്നാല്‍ കെട്ടിട നിര്‍മാണ ഭീമന്റെയും ഉദ്യോഗസ്ഥ രാഷ്ട്രീയ റിയല്‍ എസ്റ്റേറ്റ് മാഫിയ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഫലമായി അക്ഷര നഗരിയില്‍ ഒരു കുടുംബം സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടില്‍ അഭയം തേടേണ്ട അവസ്ഥയിലായിരിക്കുകയാണ്. സാധാരണക്കാരന്റെ വീടിന്റെ അടിത്തറ മാന്തുന്ന നിര്‍മ്മാണ ലോബികള്‍ക്ക് നാട്ടില്‍ നിലവിലുള്ള യാതൊരു നിയമവും ബാധകമല്ല എന്നത് സമൂഹ മന:സാക്ഷിയെ ഞെട്ടിക്കേണ്ടതാണ്. പണത്തിന്റെയും കൈയ്യൂക്കിന്റെയും ബലത്തില്‍ സാധാരണക്കാരന്റെ കിടപ്പാടം പോലും ഇല്ലാതാക്കുന്ന മാഫിയകള്‍ക്കെതിരേയും അവര്‍ക്കു കുടപിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

(Visited 10 times, 1 visits today)