സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ : പരിശോധന കര്‍ശനമാക്കും

0

സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള മാനദണ്‌ഡങ്ങളുടെ അടിസ്‌ഥാനത്തില്‍ പരിശോധന കര്‍ശനമാക്കും. മാനദണ്‌ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കും. സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ശക്‌തമാക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം പോലീസ്‌ ആസ്‌ഥാനത്തു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ വിളിച്ചു ചേര്‍ത്ത യോഗത്തിന്റേതാണ്‌ ഈ തീരുമാനം. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, അഡ്‌മിനിസ്‌ട്രേഷന്‍ ഐ.ജി. പി. വിജയന്‍, ഡി.പി.ഐ: കെ.വി. മോഹന്‍കുമാര്‍, ജോയിന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ രാജീവ്‌ പുത്തലത്ത്‌ എന്നീ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.മരട്‌ അപകടം നടന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയതിന്റെ അടിസഥാനത്തിലാണ്‌ കൂടുതല്‍ സമഗ്രവും ഏകീകൃതവുമായ മാര്‍ഗരേഖയും പൊതുനടപടിക്രമവും തയാറാക്കാന്‍ തീരുമാനമായത്‌.

ഇതിനായി സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കും. സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ 18-നകം പോലീസ്‌ ആസ്‌ഥാനത്തെ അഡ്‌മിനിസ്‌ട്രേഷന്‍ ഐ.ജിക്ക്‌ ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്നും സംസ്‌ഥാന പോലീസ്‌ മേധാവി അറിയിച്ചു.അപകടങ്ങളില്‍പെടുന്ന പല സ്‌കൂള്‍ വാഹനങ്ങളും പരിശോധനയില്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നു കണ്ടെത്താറുണ്ട്‌. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ സ്‌കൂള്‍ വാഹനങ്ങളായി ഉപയോഗിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കര്‍ശനനടപടിയെടുക്കും. വേണ്ട യോഗ്യതയില്ലാത്തവരും ശരിയായ പരിശീലനം ലഭിക്കാത്തവരും വാഹനങ്ങള്‍ ഓടിക്കുന്നതും കര്‍ശനമായി തടയും.

(Visited 34 times, 1 visits today)