സൗദികളുടെ വിദേശികളായ ഭാര്യമാര്‍ക്ക് സൗദി പൗരത്വം നേടാന്‍ വീണ്ടും അവസരം

0

സൗദികളുടെ വിദേശികളായ ഭാര്യമാര്‍ക്കും വിധവകള്‍ക്കും സൗദി പൗരത്വം നേടാന്‍ വീണ്ടും അവസരം. കഴിഞ്ഞ നാലു വര്‍ഷമായി തടഞ്ഞുവയ്ക്കപ്പെട്ട സൗകര്യമാണ് അധികൃതര്‍ വീണ്ടും അനുവദിച്ചിരിക്കുന്നത്. ഇനി മുതല്‍ സിവില്‍ അഫയേഴ്സ് കാര്യാലയത്തിനും അതിന്റെ എല്ലാ ബ്രാഞ്ചുകളിലും ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. ആറംഗ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കാനാണ് തീരുമാനം.

പൗരത്വത്തിനായുള്ള അപേക്ഷകള്‍ പരിഗണിക്കപ്പെടണമെങ്കില്‍ ചുരുങ്ങിയത് 17 പോയിന്റുകളെങ്കിലും ലഭിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ജനിച്ച നാട്, വിദ്യാഭ്യാസ യോഗ്യത, സൗദിയില്‍ എത്ര കാലമായി താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോയിന്റുകള്‍ കണക്കാക്കുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്ക്ള്‍ 16 ഇക്കാര്യം വിശദമായി വിവരിക്കുന്നുണ്ട്.

അതേസമയം, പഠനം, ജോലി, ചികില്‍സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ കഴിയുന്ന സൗദി പൗരന്‍മാര്‍ക്ക് അവരുടെ നാഷനല്‍ ഐഡന്റിറ്റി കാര്‍ഡ് പുതുക്കാനും പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കാര്‍ഡ് പുതുക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ നല്‍കണമെന്നതാണ് അവയിലൊന്ന്. മാത്രമല്ല, വിരലടയാളവും ഫോട്ടോയും സിവില്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നേരത്തേ ഉള്ളവരായിരിക്കുകയും വേണം.

കാര്‍ഡ് പുതുക്കേണ്ട സൗദി പൗരനില്‍ നിന്നുള്ള പവര്‍ ഓഫ് അറ്റോര്‍ണിയുമായി പ്രതിനിധി ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ നേരിട്ട് എത്തുകയും വേണം. കാര്‍ഡ് ഉടമ സൗദിയില്‍ തിരിച്ചെത്തിയാലുടന്‍ സിവില്‍ അഫയേഴ്സില്‍ ഹാജരാവണമെന്നതാണ് കാര്‍ഡ് പുതുക്കുന്നതിനുള്ള മറ്റൊരു നിബന്ധന.

സൗദിയിലെ വിവാഹമോചിതകള്‍ക്ക് മക്കളുടെ മേലുള്ള അവകാശം സ്വമേധയാ വന്നുചേരുന്ന രീതിയിലുള്ള നിയമത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം നീതിന്യായ മന്ത്രിയും സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ വലീദ് അല്‍ സംആനി കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭര്‍ത്താക്കന്‍മാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ വിവാഹ മോചിതകള്‍ക്കായിരിക്കും കുട്ടികളെ കൂടെ താമസിപ്പിക്കാനുള്ള അധികാരം. നേരത്തേ ഇതുമായി ബന്ധപ്പെട്ട കേസ് ഫയല്‍ ചെയ്ത് കോടതി വഴിമാത്രമേ കുട്ടികളിന്മേലുള്ള അവകാശം സ്ഥാപിക്കാന്‍ വിവാഹ മോചിതകള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ