‘എന്റെ മകളെ ഇവിടെ നിന്ന് രക്ഷിക്കു’; ഒരു നിസ്സഹായനായ അച്ഛന്റെ അഭ്യര്‍ത്ഥനയാണിത്…

0

നക്ഷത്രക്കണ്ണുള്ള സക്കൂറയ്ക്ക് വെറും ഏഴു വയസ്സു മാത്രമേ പ്രായമുള്ളൂ. മൂന്നോ നാലോ കൊല്ലം കഴിയുമ്പോള്‍ ആര്‍ത്തവമാകും. അതിനുശേഷം ഉടന്‍തന്നെ അവളുടെ കല്യാണവുമാകും. 50 ആടുകളെ നല്‍കുന്നയാള്‍ക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കണമെന്നാണ് ഗോത്രത്തിലെ നിയമം.

ഈ അവസ്ഥയില്‍ തന്റെ മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് പിതാവ് അരാഫത്ത്. ഇവാന്‍ വോദിനെന്ന റഷ്യന്‍ ഡോക്യുമെന്ററി സംവിധായകനാണ് സക്കൂറയുടെയും അരാഫത്തിന്റെയും ജീവിതം പുറംലോകത്തെ അറിയിച്ചത്.

ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയില്‍ വാദി ക്വെല്‍റ്റ് താഴ്‌വരയില്‍ ജീവിക്കുന്ന നാടോടി ഗോത്രത്തില്‍പ്പെട്ടവവരാണ് ഇവര്‍. ആര്‍ത്തവം തുടങ്ങിയാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നതാണ് ഗോത്രത്തിലെ രീതി. 50 ആടുകള്‍ക്ക് പകരമായി പെണ്‍കുട്ടിയെ നല്‍കണമെന്നാണ് ആചാരം.

എന്നാല്‍ തന്റെ മകളെ ശൈശവ വിവാഹം കഴിച്ചയയ്ക്കാന്‍ ഈ പിതാവ് തയ്യാറല്ല. വോദിനുമായുള്ള പരിചയത്തിലൂടെ പുറംലോകത്തെക്കുറിച്ചറിഞ്ഞ അരാഫത്തിന് മകളെ മോസ്്‌കോയില്‍ അയച്ച് പഠിപ്പിക്കണമെന്നാണ് ആഗ്രഹം. തുടക്കത്തില്‍ മകളെ വോദിന് വിവാഹം ചെയ്തുകൊടുക്കാമെന്നുപോലും അരാഫത്ത് വാഗ്ദാനം ചെയ്തു. അതു നിരസിച്ച വോദിന്‍, സക്കൂറയുടെ കാര്യം തന്റെ ഡോക്യുമെന്ററിയിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു.

സക്കൂറയുടെ ജീവിതത്തെക്കുറിച്ച് കുറേക്കൂടി ആഴത്തിലൊരു ഡോക്യുമെന്ററി എടുക്കണമെന്നാണ് വോദിന്റെ തീരുമാനം. ഈ ഗോത്രത്തിലെ പെണ്‍കുട്ടികളുടെ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്ന ഡോക്യുമെന്ററിയാവണം അതെന്നും വോദിന്‍ ആഗ്രഹിക്കുന്നു.

2016ലാണ് വോദിന്‍ ആദ്യമായി ഈ താഴ്‌വരയിലെത്തിയത്. അന്ന് അഞ്ചുവയസ്സായിരുന്നു സക്കൂറയ്ക്ക് പ്രായം. ഡോക്യുമെന്ററി എടുക്കാന്‍ സഹായിക്കുന്നതിനിടെയാണ് അരാഫത്ത് തന്റെ മകള്‍ക്ക് സമീപഭാവിയില്‍ വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് വോദിനോട് പറഞ്ഞത്. ഗോത്രത്തിലെ പെണ്‍കുട്ടികള്‍ക്ക് അന്യപുരുഷന്മാരോട് സംസാരിക്കാന്‍ വിലക്കുണ്ട്. എന്നാല്‍, വീട്ടിലൊരു അംഗത്തെ പോലെയായതോടെ സക്കൂറ വോദിന്റെ ചങ്ങാതിയായി മാറി.

വിവാഹശേഷം ഭര്‍ത്താവിനടല്ലാതെ മറ്റൊരു പുരുഷനോട് മിണ്ടാന്‍ പോലും ഈ ഗോത്രത്തിലെ സ്ത്രീകള്‍ക്ക് അനുവാദമില്ല. കുട്ടികളെ ജനിപ്പിക്കുകയെന്നതുമാത്രമായി അവരുടെ ജീവിതം മാറുമെന്നും വോദിന്‍ പറയുന്നു.

മൂന്നാഴ്ചത്തെ ഷൂട്ടിംഗിനിടെയാണ് അരാഫത്ത് തന്റെ മകളെ മോസ്‌കോയിലേക്ക് കൊണ്ടുപോയിക്കൂടെയെന്ന് വോദിനോട് ചോദിച്ചത്. മോസ്‌കോയിലേക്ക് കൊണ്ടുപോയി 12 വയസ്സുവരെ വളര്‍ത്തിയശേഷം വേണമെങ്കില്‍ വിവാഹം കഴിച്ചോളൂ എന്നാണ് അരാഫത്ത് പറഞ്ഞത്. ഇവിടെ താമസിച്ചാല്‍ തന്റെ മകള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അരാഫത്ത് പറയുന്നു.

ഗോത്രത്തിലെ നിയമങ്ങള്‍ ലംഘിക്കാനാവാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളൊന്നും തന്റെ മുന്നിലില്ലെന്നും അരാഫത്ത് വോദിനോട് പറഞ്ഞു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മറ്റൊരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്ന കാര്യം വോദിന്‍ തീരുമാനിച്ചത്. വോദിനിലൂടെ സക്കൂറയുടെ കാര്യം അറിഞ്ഞ ലോകം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയ്ക്ക് വ്യാപക പിന്തുണയാണ് നല്‍കുന്നത്.

(Visited 309 times, 1 visits today)