സാമ്പത്തീക സംവരണ ബില്ല്; പ്രതിപക്ഷത്തിന്റെ നിലപാട് എന്ത്??

0

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. കോൺഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ ബില്ല് രാജ്യസഭയിലും പാസായേക്കും. സർക്കാരിൻറെ തന്ത്രത്തിൽ കുഴയുന്ന പ്രതിപക്ഷത്തെയാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് ബില്ലിനെ പിന്തുണയ്ക്കാതെ മറ്റു മാർഗ്ഗമില്ലാതായി.

പല സർക്കാരുകൾക്കും ധൈര്യമില്ലാതിരുന്ന സാമ്പത്തികസംവരണം എന്ന ചീട്ട് പുറത്തെടുത്തുള്ള നരേന്ദ്ര മോദിയുടെ നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു. പാർലമെൻററി രീതികൾ പലതും കാറ്റി പറത്തിയാണ് തിടുക്കത്തിൽ ബിൽ കൊണ്ടു വന്നത്. എന്നാൽ ശക്തമായി എതിർക്കാനുള്ള ഇടം പോലും സർക്കാർ പ്രതിപക്ഷ നിരയ്ക്കു നല്‍കിയില്ല.

തൃണമൂൽ, ബിജു ജനതാദൾ, ശിവസേന, ടിആർഎസ് തുടങ്ങിയ പാർട്ടികളെ സർക്കാർ കൂടെ നിറുത്തി. മായാവതി പോലും നിലപാട് മാറ്റി. ഇതോടെ കോൺഗ്രസിനു മുന്നിലുള്ള വഴികൾ അടഞ്ഞു. ബില്ല് പിൻവലിക്കണമെന്ന നിലപാടെടുത്ത സിപിഎം തത്വത്തിൽ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനം സഭയ്ക്കുള്ളിൽ നടത്തേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മുന്നോക്ക വോട്ടുകൾ വീണ്ടെടുക്കാനാണ് ബില്‍ കൊണ്ടു വന്നത് എന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ബില്ലിനെക്കുറിച്ചുള്ള പ്രഖ്യാപനം രാജ്യത്തെ മുന്നോക്ക വിഭാഗങ്ങളിൽ ഉണ്ടാക്കിയ ചലനം മനസ്സിലാക്കിയാണ് എതിർസ്വരം ഉയർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചത്. അമ്പലങ്ങൾ സന്ദർശിച്ചും മുത്തലാഖ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ മൃദു സമീപനം എടുത്തും രാഹുൽ ഗാന്ധി പഴയ മുന്നോക്ക വോട്ടു ബാങ്ക് വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്.

ഈ നീക്കം യുപിയിലുൾപ്പടെ ചെറുക്കാൻ സാമ്പത്തികസംവരണം സഹായിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. രാജ്യസഭയിലും സർക്കാർ ഇതേ അന്തരീക്ഷം പ്രതീക്ഷിക്കുന്നു. ബില്ലിനെ അവിടെ പ്രതിപക്ഷം എതിർത്താൽ തെര‍ഞ്ഞെടുപ്പ് രംഗത്ത് ചർച്ചാവിഷയമാക്കാനാണ് തീരുമാനം.

(Visited 16 times, 1 visits today)