തിരികെയെത്തിയ അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് ആര്‍ബിഐ

0

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച്‌ 15 മാസം പിന്നിട്ടിട്ടും തിരികെയെത്തിയ നോട്ടുകള്‍ കൃത്യമായി എണ്ണി തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിച്ച നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് എണ്ണല്‍ ഇപ്പോഴും തുടരുന്നതെന്നും ആര്‍ബിഐ അറിയിച്ചു.

വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി.

അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ബിഐ തയാറായില്ല. എന്നാല്‍, ഈ പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് ആര്‍ബിഐ പറയുന്നു.

59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇത് എവിടെയാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

2016-17 സാമ്പത്തീക വര്‍ഷത്തിലെ ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച്‌ 15.28 ലക്ഷം കോടി രൂപ ബാങ്കുകളില്‍ മടങ്ങിയെത്തിയിരുന്നു. 2016 നവംബര്‍ 8ലെ കണക്ക് പ്രകാരം 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു ആര്‍ബിഐയുടെ കണക്ക്. എന്നാല്‍ 15.28ലക്ഷം കോടിയാണ് തിരികെ എത്തിയത്. ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താനുണ്ടെന്നും ആര്‍ബിഐ പറയുന്നു.

(Visited 36 times, 1 visits today)