ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തത്; രൺവീർ

0

ദീപ്–വീർ ജോഡികളുടെ ‘കല്യാണക്കുറിമാനങ്ങൾ’ പങ്കുവച്ച് സോഷ്യൽ മീഡിയക്ക് ഇനിയും കൊതി തീർന്നിട്ടില്ല. ഇറ്റലിയിലെ രാജകീയ വിവാഹവും ബംഗളുരുവിലെ കണ്ണഞ്ചിപ്പിക്കുന്ന സ്വീകരണവും ഉൾപ്പെടെ ദീപിക രൺവീർ കല്യാണ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ച് ഒടുവിൽ താരദമ്പതികളുടെ വിവാഹ ചിത്രങ്ങൾ കൂടിയെത്തിയപ്പോഴോ, ആരാധകരുടെ സന്തോഷവും ഇരട്ടിയായി.ആരും അസൂയപ്പെട്ടു പോകുന്ന ആ താരവിവാഹത്തിന്റെ ‘കിസ’ എന്തായാലും അവിടം കൊണ്ടൊന്നും തീർന്നിട്ടില്ല. ശനിയാഴ്ച രണ്‍വീറിന്റെ സഹോദരി റിതിക മുംബൈയില്‍ ഒരുക്കിയ വിവാഹ സൽക്കാരവും അതുക്കും മേലെയായിരുന്നു. ഇത്തവണ പാട്ട് പാടിയും നൃത്തമാടിയുമാണ് ഇരുവരും സൽക്കാരം ആഘോഷമാക്കിയത്.

എന്നാൽ പാര്‍ട്ടിക്കിടെ ദീപികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതിനിടെ രണ്‍വീര്‍ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ അതിമനോഹരമായിരുന്നു. ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്,’ രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് സദസ്സ് മുഴുവൻ കൈയ്യടിക്കുകയായിരുന്നു. രണ്‍വീറിന്റെ വാക്കുകളെ ചെറുചിരിയോടെയാണ് ദീപിക സ്വീകരിച്ചത്.
അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ രണ്‍വീര്‍-ദീപിക ജോഡികൾ തന്നെയാണ് ചുവടുവച്ചും പാട്ട് പാടിയും ഏവരുടേയും ശ്രദ്ധയാകർഷിച്ചത്. മുംബൈയില്‍ തങ്ങളുടെ സിനിമാ സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ ഒന്നിന് ഇരുവരും ചേര്‍ന്ന് വിവാഹ സൽക്കാരം ഒരുക്കുന്നുണ്ട്. അതിനു ശേഷം രണ്‍വീറിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മറ്റൊരു സൽക്കാരം കൂടി നടത്തും.

പ്രമുഖ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് അരോറയായിരുന്നു ഇരുവരുടേയും വിവാഹ സൽക്കാരത്തിനുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. പിങ്ക്, കറുപ്പ്, നീല നിറങ്ങളിൽ ഒരുക്കിയ വസ്ത്രങ്ങളിൽ‌ അതീവ സുന്ദരിയായാണ് ദീപിക എത്തിയത്. ബം​ഗളൂരുവിലെ പാർട്ടിയിലും ആളുകൾ ചർച്ച ചെയ്തത് താരങ്ങൾ അണിഞ്ഞെത്തിയ വസ്ത്രങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമായിരുന്നു.

നവംബര്‍ 14ന് കൊങ്ങിണി ആചാരപ്രകാരവും 15ന് സിന്ധി ആചാരപ്രകാരവും ഇറ്റലിയില്‍ വച്ചായിരുന്നു രണ്‍വീര്‍-ദീപിക വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ മാത്രം പങ്കെടുത്ത സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.

(Visited 162 times, 1 visits today)