ഇന്ധന വില വര്‍ദ്ധനവ്; വിമാന ടിക്കറ്റുകള്‍ക്ക് വിലയേറും

0

വിമാന ടിക്കറ്റ് നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ പ്രവാസികള്‍ക്ക് വലിയ ആഘാതവും ആശ്വാസവുമൊക്കെ സമ്മാനിക്കാറുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സാമന്യം കുറഞ്ഞ നിരക്കിലായിരുന്നു വിമാനയാത്രയെന്നത് പല പ്രവാസികളെയും കുടുംബസമേതം പറക്കാന്‍ വരെ സഹായിച്ചിരുന്നു. എന്നാല്‍ വരും നാളുകളിലേക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്.

വർധിച്ചുവരുന്ന ഇന്ധന വിലയും ഇന്ത്യയിലെ ചരക്ക് സേവന നികുതിയുമെല്ലാം വിമാന യാത്രയുടെ ചെലവ് കാര്യമായി വര്‍ദ്ധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇതിനുപുറമെ മറ്റു പ്രവർത്തനച്ചെലവുകളിലും വർധനയുണ്ടായെന്ന് കമ്പനികള്‍ വാദിക്കുന്നു.10 ശതമാനം മുതൽ 15 ശതമാനം വരെ നിരക്കിൽ വർധനയുണ്ടാകാമെന്നാണ് സൂചന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില 30 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി ഉല്‍പ്പാദന നിയന്ത്രണം പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ്. അതുകൊണ്ട് തന്നെ ഉടനെയൊന്നും ഇന്ധനവില കുറയാനുള്ള സാധ്യതയും കാണുന്നില്ല. ഇതിന് പുറമെ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലംപ്രവർത്തനച്ചെലവ് 25 ശതമാനത്തിലേറെ വർധിച്ചുവെന്നും കമ്പനികള്‍ പറയുന്നു. ഇന്ധനവിലയ്ക്ക് ജിഎസ്ടി ബാധകമാക്കിയിട്ടില്ലാത്തതിനാല്‍ പഴയ ഉയർന്ന നികുതി നിരക്കുകളാണ് ഇന്ധന വിലയ്ക്ക് ഇപ്പോഴും ഈടാക്കുന്നത്.

സാധാരണ ഗതിയില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കുറഞ്ഞ നിരക്കുകളില്‍ ലഭിക്കുന്നതിനാല്‍ വർധിപ്പിക്കുന്ന നിരക്കുകള്‍ കുറച്ച് നാളത്തേക്ക് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ചുമലിൽ വരാനാണു സാധ്യത. ഇന്ധന മേഖലയില്‍ ചരക്ക് സേവന നികുതി ഏർപ്പെടുത്തണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുറമെ മറ്റു ചെലവുകളും ഏതാണ്ട് 10% വർധിച്ചിട്ടുണ്ട്.

(Visited 42 times, 1 visits today)