മഞ്ഞിന്‍റെ കണികപോലുമില്ല; പട്ടിണിക്കോലമായി ധ്രുവക്കരടി

0

കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റത്തിന്റെ ഇരകളാണ് ഇക്കാലത്ത് മനുഷ്യനും മൃഗങ്ങളുമെല്ലാം. അത് നിത്യജീവിതത്തില്‍ നാമെല്ലാം പലതരത്തില്‍ അനുഭവിക്കുന്നുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായ ഒരു ധ്രുവക്കരടിയുടെ അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ നമ്മെയെല്ലാം കാത്തിരിക്കുന്ന വലിയ അപകടത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു സൂചകമാണ്.

രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ധ്രുവക്കരടിയാണ് വീഡിയോയിലുള്ളത്. മരണാസന്നനായ കരടി നടക്കാന്‍ പോലുമാവാതെ ഇഴഞ്ഞു നീങ്ങുകയാണ്. ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി, ഒരു മാലിന്യ വീപ്പയില്‍ തലയിട്ട് വായില്‍ത്തടഞ്ഞ എന്തോ വസ്തു കടിച്ചുപറിക്കുന്നു. മാസങ്ങളായി ഭക്ഷണമൊന്നും കിട്ടാതെ അത് ഒരു നായയെപ്പോലെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. ആരുടെയും മനസ്സിനെ കൊളുത്തിവലിക്കുന്ന കരടിയുടെ ഈ ദൃശ്യങ്ങള്‍ ഇതിനിടയില്‍ ലക്ഷക്കണക്കിനു പേരാണ് കണ്ടത്.

നാഷണല്‍ ജ്യോഗ്രഫിക് മാഗസിനുവേണ്ടി ചിത്രങ്ങളെടുക്കുന്ന പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്ലിന്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ. കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്ലിന്‍ ഈ ദൃശ്യം ചിത്രീകരിച്ചത്. മഞ്ഞു മൂടിക്കിടക്കേണ്ട സ്ഥലത്ത് മഞ്ഞിന്റെ കണികപോലും ഉണ്ടായിരുന്നില്ല. കരടിയുടെ അവസ്ഥ തങ്ങളുടെയെല്ലാം മനസ്സിനെ പിടിച്ചുലച്ചതായും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നെന്നും നിക്ലിന്‍ പറയുന്നു. ആ ദൃശ്യങ്ങള്‍ തന്റെ മനസ്സിനെ ഇപ്പോഴും മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നതായും വീഡിയോയ്ക്കു നല്‍കിയ അടിക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

Photo: nationalgeographic.com

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം ഏറ്റവും ആദ്യം അനുഭവപ്പെടുന്ന ജീവി വിഭാഗങ്ങളിലൊന്നാണ് ധ്രുവക്കരടികള്‍. മഞ്ഞു പ്രദേശങ്ങള്‍ അമിതമായി ഉരുകകയും സമുദ്രനിരപ്പില്‍ അസ്വാഭാവികമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നതോടെ ധ്രുവപ്രദേശങ്ങളിലെ ജീവികള്‍ക്ക് അവയുടെ സ്വഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നാതായി ഗവേഷകര്‍ പറയുന്നു. ഭക്ഷണം ലഭിക്കാതെ കടുത്ത പട്ടിണി മൂലമാണ് കരടികള്‍ ചാവുന്നത്. ലോകത്തിലെ 19 വ്യത്യസ്ത മേഖലകളിലുള്ള 25,000 ഓളം വരുന്ന ധ്രുവക്കരടികള്‍ വംശനാശ ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം മൂന്നിലൊന്നായി കുറയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

എന്നാല്‍, താന്‍ ചിത്രീകരിച്ച കരടിയുടെ ഈ അവസ്ഥയ്ക്കു കാരണം കാലാവസ്ഥാവ്യതിയാനമോ അതുമൂലമുണ്ടായ ഭക്ഷണ ദൗര്‍ലഭ്യമോ ആണെന്ന് ഉറപ്പിച്ചു പറയാന്‍ നിക്ലിന്‍ തയ്യാറാവുന്നില്ല. പട്ടിണി മൂലം മരിച്ചുകൊണ്ടിരിക്കുന്ന കരടിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും വിട്ടുകൊടുക്കുന്നതായും അദ്ദേഹം പറയുന്നു. ഏതായാലും, നിക്ലിന്റെ ഈ വിഡിയോയും ഫോട്ടോകളും ലോകമെമ്പാടുമുള്ള മാധ്യമങ്ങളും സോഷ്യല്‍ മീഡിയ സൈറ്റുകളും വന്‍ പ്രധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

(Visited 186 times, 1 visits today)