ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റുകള്‍, തന്നെ ആക്ഷേപിച്ചാല്‍ സമരം തീരില്ലെന്നും മുഖ്യമന്ത്രി: സഭ 17 വരെ പിരിഞ്ഞു.

0

തിരുവനന്തപുരം: കരാറില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ട സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിന്നീട് ശ്രദ്ധക്ഷണിക്കലും സബ്മിഷനും പാസാക്കുകയും നാളത്തെ നടപടികള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. തുടര്‍ന്ന് പൂജാ അവധിക്കുശേഷം ഈ മാസം 17ന് ചേരാനായി നിയമസഭ പിരിഞ്ഞു.
ഇന്നലെ സ്വാശ്രയ മാനെജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനുളള മറുപടി പ്രസ്താവനയിലൂടെ സഭയില്‍ നല്‍കിയത്. സഭയുടെ തുടക്കം മുതല്‍ക്കെ പ്രതിപക്ഷം ബഹളമുണ്ടാക്കി നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷം ആവശ്യപ്പെട്ട മുറക്ക് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ചര്‍ച്ച പൊളിച്ചത് മാനെജ്മെന്റുകളാണെന്നും, തന്നെ ആക്ഷേപിച്ചത് കൊണ്ട് സമരം തീരില്ലെന്നും സര്‍ക്കാരിന് ഒരു തരത്തിലുളള പിടിവാശിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയ മാനെജ്മെന്റുകള്‍ നിര്‍ദേശം മുന്നോട്ട് വെക്കുമെന്ന് പറഞ്ഞതിനാലാണ് യോഗം വിളിച്ചത്. മാനെജ്മെന്റുമായുളള ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ പ്രശ്നം പരിഹരിക്കാമായിരുന്നു. ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും ആക്ഷേപിച്ചെന്നത് കെട്ടുകഥയാണ്. സമരം അവസാനിപ്പിക്കാനുളള സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. കരാറില്‍ നിന്നും പിന്മാറാനാകില്ലെന്നാണ് മാനെജ്മെന്റുകളുടെ നിലപാട് പിന്നെ സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു

സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധാത്മക നിലപാട് തുടരുകയാണെന്നും അതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനുമാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചത്.സഭാ നടപടികളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നും സഭ പൂര്‍ണമായും സ്തംഭിപ്പിക്കാനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
നിയമസഭയുടെ പ്രവേശന കവാടത്തില്‍ ഏഴു ദിവസമായി നിരാഹാരം സമരം നടത്തിവന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പകരം എംഎല്‍എമാരായ വിടി ബല്‍റാമും റോജി ജോണുമാണ് നിരാഹാര തുടരുന്നത്. ഇവര്‍ക്കൊപ്പം ലീഗ് എംഎല്‍എമാരായ പി.ഉബൈദുല്ലയും ടി.വി.ഇബ്രാഹിമും അനുഭാവ സത്യഗ്രഹവുമായി വേദിയിലുണ്ട്.

(Visited 2 times, 1 visits today)