സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം ഉയർത്താൻ ഗൂഢനീക്കമെന്ന് ചെന്നിത്തല

0

കെഎസ്ആർടിസിയിലെ മാത്രമല്ല, മുഴുവൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം 60 ആയി വർധിപ്പിക്കാൻ സർക്കാർ ഗൂഢനീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സർക്കാരിനെതിരേ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.

കെഎസ്ആർടിസിയിലെ പ്രതിസന്ധി മുതലെടുത്താണ് ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ ശ്രമിക്കുന്നത്. പെൻഷൻ പ്രായം ഉയർത്തിയാൽ 60 വയസ് വരെ ബസ് ഡ്രൈവർമാർ ജോലിയെടുക്കേണ്ടി വരും. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. കോർപ്പറേഷന്‍റെ പ്രതിസന്ധി പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലില്ലാത്ത ചെറുപ്പക്കാരെ വഞ്ചിക്കുന്ന പണിയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡോക്ടർമാരുടെ പെൻഷൻ പ്രായം സർക്കാർ 62 ആക്കി ഉയർത്തി കഴിഞ്ഞു. സർക്കാർ മേഖലയിലെ ഡോക്ടർമാരുടെ ക്ഷാമം പറഞ്ഞായിരുന്നു ഈ നടപടി. പെൻഷൻ ബാധ്യത പറഞ്ഞാണ് കെഎസ്ആർടിസിയിൽ ഈ നീക്കം നടത്തുന്നത്. എല്ലാ മേഖലകളിൽ പെൻഷൻ പ്രായം ഉയർത്തി തൊഴിൽ കാത്തിരിക്കുന്ന ചെറുപ്പക്കാരെ കബളിപ്പിക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ എല്ലാം അകാലചരമം പ്രാപിക്കുകയാണ്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാൻ പോലുമുള്ള മനുഷ്യത്വം സർക്കാർ കാണിക്കുന്നില്ലെന്നും യുവജന സംഘടനകൾ ഇതിനെതിരേ ശക്തമായി രംഗത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

(Visited 34 times, 1 visits today)