സ്വാശ്രയവിരുദ്ധ വികാരം മുതലെടുത്ത് വ്യാജ ആരോപണങ്ങള്‍; പത്തനംതിട്ട മുസലിയാര്‍ കോളേജിനെതിരായ പരാതികളുടെ പൊള്ളത്തരം തെളിയിച്ച് വിദ്യാര്‍ത്ഥികള്‍

0

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇപ്പോള്‍ കേരളമെങ്ങും ചര്‍ച്ച ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും അതേ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാശ്രയ വിരുദ്ധ സമരമായി വളരുകയായിരുന്നു. പല സ്വാശ്രയ സ്ഥാപനങ്ങളും അക്രമിക്കപെടുകയും അവയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഒട്ടേറെ സ്വപ്നങ്ങള്‍ ജീവിതത്തില്‍ ബാക്കിയുണ്ടായിരുന്ന സഹപാഠിയുടെ മരണം സുഹൃത്തുക്കളില്‍ വികാര വിക്ഷോഭം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ അവരുടെ വികാരത്തെ മുതലെടുക്കാന്‍ ചില കോണുകളില്‍നിന്ന് ബോധപൂര്‍വകമായ ശ്രമം നടക്കുന്നുണ്ട് എന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ തെളിയിക്കുന്നുണ്ട്.

പല സ്ഥലങ്ങളിലും സ്ഥാപനങ്ങളോടും അധികാരികളോടും അനിഷ്ടമുള്ളവര്‍ ആരോപണങ്ങളുമായി രംഗത്തുവരികയും മനുഷ്യാവകാശ കമ്മീഷന്‍ മുതല്‍ യുവജന കമ്മീഷന്‍ വരെയുള്ളവര്‍ക്ക് വ്യാജ പരാതികള്‍ അയയ്ക്കുകയും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സല്‍പ്പേര് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തല്പരകക്ഷികളുടെ ഇത്തരം ശ്രമങ്ങളെ വിദ്യാര്‍ത്ഥികള്‍ തന്നെ പൊളിച്ചടുക്കിയ കഥയാണ് പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജിനു പറയാനുള്ളത്. പ്രസ്തുത കോളേജിലെ പ്രിന്‍സിപ്പാളായ ജുബിലന്റ് ജെ കിഴക്കേത്തോട്ടത്തിനെതിരേ വ്യാജ ആരോപണം ഉന്നയിച്ചത് കോളേജില്‍നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. ലഹരി വസ്തുക്കളുടെ അമിതമായ ഉപയോഗവും, അദ്ധ്യാപകരോടും സഹപാഠികളായ വിദ്യാര്‍ത്ഥിനികളോടും അപമര്യാദയായ പെരുമാറ്റവുംമൂലം പലതവണ ശിക്ഷണ നടപടികള്‍ക്കു വിധേയമായ ഈ വിദ്യാര്‍ത്ഥിയെ അവസാനം മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു. മുന്‍പ് മൂന്ന് എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ചതിനുശേഷമാണ് ഈ വിദ്യാര്‍ത്ഥി മുസലിയാര്‍ കോളേജില്‍ പഠിക്കാന്‍ എത്തിയതെന്ന് അദ്ധ്യാപകരും സഹപാഠികളും പറഞ്ഞു. ഭരണകക്ഷി എം.എല്‍.എയുടെ അടുത്ത ബന്ധുവായ ഈ വിദ്യാര്‍ത്ഥി തന്റെ വിദ്യാര്‍ത്ഥി സംഘടനയിലുള്ള സ്വാധീനം ഉപയോഗിച്ച് സ്വാശ്രയ വിരുദ്ധ വികാരം മുതലാക്കി പ്രിന്‍സിപ്പാളിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. jubilant-jപ്രദേശത്തെ ചില വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പിന്തുണയും ഈ വിദ്യാര്‍ത്ഥിക്ക് ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ശ്രീ ജുബിലന്റ് പ്രിന്‍സിപ്പലായി ചാര്‍ജ് ഏറ്റെടുക്കുന്നതിനു മുന്‍പ് മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സംഘടനകളുടെ കൂത്തരങ്ങായിരുന്നു. വിദ്യാര്‍ത്ഥി സമരം മൂലം ഒട്ടേറെ ക്ലാസുകള്‍ നഷ്ടപ്പെടുകയും കോളേജിന്റെ അക്കാദമിക നിലവാരത്തെതന്നെ ബാധിക്കുകയും ചെയ്ത സന്നിഗ്ദ്ധ ഘട്ടത്തിലാണ് യുവത്വത്തിന്റെ ചുറുചുറുക്കുമായി ജുബിലന്റ് കിഴക്കേത്തോട്ടം മുസലിയാര്‍ കോളേജിന്റെ സാരഥ്യം ഏറ്റെടുത്തത്. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രിന്‍സിപ്പാളായ അദ്ദേഹം പെട്ടെന്നുതന്നെ സ്വന്തം വിദ്യാര്‍ത്ഥികളുടെ വിശ്വാസം പിടിച്ചുപറ്റി. ഇതോടെ പുറത്തു നിന്നുള്ള കുട്ടി നേതാക്കന്മാര്‍ക്ക് വിദ്യാര്‍ത്ഥികളുടെമേലുള്ള പിടി അയഞ്ഞു. വിദ്യാര്‍ത്ഥി സമരങ്ങള്‍ പഴങ്കഥയായി. ഹോസ്റ്റലിനോടു ചേര്‍ന്ന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കുടുംബസമേതം താമസിക്കുന്ന പ്രിന്‍സിപ്പാലിന്റെ ശ്രദ്ധ വിദ്യാര്‍ത്ഥികളുടെ മേല്‍ എപ്പോളും ഉണ്ടായിരുന്നു. ഹോസ്റ്റലിന്റെയും കോളേജിന്റെയും അന്തരീക്ഷത്തിനു യോജിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്ത ചില വിദ്യാര്‍ത്ഥികളെ കൈയ്യോടെ പിടികൂടി പുറത്താക്കിയതോടെ പ്രൊഫസര്‍ ജുബിലന്റ് പലരുടെയും നോട്ടപ്പുള്ളിയാവുകയായിരുന്നു.

ചില സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ കേവലമായ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ശക്തിക്ഷയിച്ച പല വിദ്യാര്‍ത്ഥി സംഘടനകളും ആള്‍ബലം കൂട്ടാനുള്ള ഉപാധിയായി സ്വാശ്രയവിരുദ്ധ വികാരം ഊതിക്കത്തിക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പോലും അങ്ങനെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്തതും. എന്നാല്‍ മുസലിയാറില്‍ അങ്ങനെ എടുത്തു ചാടിയവര്‍ക്കു പിഴച്ചു. തങ്ങളുടെ പ്രിയങ്കരനായ പ്രിന്‍സിപ്പാലിനെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ ആരോപണങ്ങള്‍ അവര്‍ അക്കമിട്ട് വ്യാജമാണെന്ന് തെളിയിച്ചു. അയാള്‍ക്കെതിരേ പോലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടേതെന്ന രീതിയില്‍ പരാതിക്കാരുടെ പേരു വെക്കാതെ യുവജന കമ്മീഷന് ‘ആരോ നല്‍കിയ’ പരാതിയിലെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തിയതോടെ ഗുരുവിനെ ക്രൂശിക്കാന്‍ ആക്രോശിച്ചവര്‍ തല്‍ക്കാലം നിശബ്ദരായിരിക്കുകയാണ്. മുസലിയാര്‍ കോളേജിനെയും തങ്ങളുടെ പ്രിയപ്പെട്ട ജുബിലന്റ് സാറിനെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ ഇനിയും വ്യാജ ആരോപണങ്ങളുമായി രംഗത്തുവന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരും തീരുമാനം.

(Visited 10 times, 1 visits today)