സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം; ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയിൽ

0

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു പിതാവ് സി.മുഹമ്മദ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപു കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്നു മധ്യവേനൽ അവധിക്കുശേഷം പരിഗണിക്കുന്നതിനായി മാറ്റി. ഒന്നരമാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തോടെയാണു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.പി.ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ 11 സിപിഎം പ്രവർത്തകർ അറസ്റ്റിലായി. കൂടുതൽ പ്രതികളുണ്ടെന്ന് ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം നിലച്ച അവസ്ഥയിലാണ്.

(Visited 25 times, 1 visits today)