പദ്മാവതിന്റെ പ്രദര്‍ശനം വിലക്കി ഗുജറാത്തും മധ്യപ്രദേശും

0

മാസങ്ങളായി വിവാദത്തില്‍ പുകയുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. ചിത്രത്തിന്റെ പ്രദര്‍ശനം രാജസ്ഥാനില്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രഖ്യാപനത്തിന് പിന്നാലെ പദ്മാവതിന്റെ പ്രദര്‍ശനം വിലക്കി ഗുജറാത്തും മധ്യപ്രദേശും.

ഈ മാസം 25ന് റിലീസാവേണ്ട ചിത്രം ഇതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. മധ്യപ്രദേശില്‍ പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. സൂര്യ നമസ്‌കാര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന ചൗഹാന്‍ മാധ്യമങ്ങളോടാണ് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയ വിവരം അറിയിച്ചത്.

നേരത്തെ പദ്മാവതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സെന്‍സറിങ് കഴിഞ്ഞെത്തിയ പദ്മാവതിനും തുടരുമെന്ന് ചൗഹാന്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പദ്മാവതിന്റെ റിലീസിങ് സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.

രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തും. ചിത്രം ഡിസംബര്‍ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

(Visited 28 times, 1 visits today)