എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

0

പൊതുമേഖലയിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചരിത്രപരമായ തീരുമാനവുമായി ഇന്ത്യ. പൊതുമേഖല വിമാനക്കന്പനിയായ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശ വിമാനക്കന്പനികള്‍ക്ക് ഇനി 49 ശതമാനം വരെ സര്‍ക്കാര്‍ അനുമതിയോടെ നിക്ഷേപിക്കാം. 51 ശതമാനം ഓഹരികള്‍ സര്‍ക്കാറില്‍ തന്നെ നിലനില്‍ക്കുന്നതിനാല്‍ ഉടമസ്ഥാവകാശം സര്‍ക്കാറിന് തന്നെയായിരിക്കും.

എയര്‍ ഇന്ത്യക്ക് പുറമെ സുപ്രധാനമായ മറ്റ് രണ്ട് മേഖലകളിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനവും മന്ത്രിസഭയിലുണ്ടായി.
ചില്ലറവില്‍പന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ 100 ശതമാനം വരെ നിക്ഷേപം നടത്താന്‍ സാധിക്കുമെങ്കിലും, 49 ശതമാനം മുതല്‍ 100 ശതമാനം വരെ നടത്തുന്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണം. എന്നാല്‍ ഇനിമുതല്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ ചില്ലറ വില്‍പന മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം നടത്താന്‍ സാധിക്കും.

സമാനമായി നിര്‍മാണ മേഖലയും വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താം. ഈ മേഖലയിലും സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ നിക്ഷേപം നടത്താമെന്ന ഇളവുമുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം സാമ്പത്തിക വളര്‍ച്ചയില്‍ കുറവു വന്നത് നികത്താനാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചും കൂടുതല്‍ മേഖലകള്‍ തുറന്നുകൊടുത്തും വിദേശ നിക്ഷേപം വര്‍ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്നാണ് നീക്കം.

അതേസമയം തന്നെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നേക്കും. യുപിഎ സര്‍ക്കാര്‍ ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവന്നപ്പോള്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം തുറന്നുകൊടുക്കുകയും ചെറുകിടമേഖലയില്‍ നിക്ഷേപ നടപടിക്രമങ്ങളില്‍ ഇളവുവരുത്തുകയും ചെയ്തതിനെതിരെയും പ്രതിഷേധം ഉയരുമെന്നാണ് സൂചന.

(Visited 36 times, 1 visits today)