രണ്ടാമൂഴം സിനിമയാക്കരുതെന്ന് കോടതി

0

എംടി വാസുദേവന്‍ നായരുടെ പ്രസിദ്ധ നോവലായ രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതി വിലക്ക്. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കി. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയ്ക്കും കോടതി നോട്ടീസ് അയച്ചു. നോവലും തിരക്കഥയും രചിച്ച എംടി തന്നെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ചലച്ചിത്ര നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തിയത്.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ തിരികെ ചോദിച്ചത് കരാര്‍ ലംഘിച്ചത് കൊണ്ടാണെന്ന് എംടി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് തിരക്കഥയുടെ അവകാശം നല്‍കിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയിലെ അഭിനേതാക്കള്‍ ആരൊക്കെയാണ് എന്നതല്ലാ പ്രശ്നം. ഇപ്പോഴുളളവരല്ലെങ്കില്‍ മറ്റാരെങ്കിലും ഇത് സിനിമയാക്കുമെന്നും എംടി വ്യക്തമാക്കി.

അതിനിടെ രണ്ടാമൂഴം നടക്കും എന്ന് അവകാശപ്പെട്ട് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ആ കാലുകള്‍ തൊട്ട് വന്ദിച്ച് താന്‍ കൊടുത്ത വാക്കാണിതെന്നും ശ്രീകുമാര്‍ പറയുന്നു.

മുന്‍പ് സ്ഥിരമായി എം.ടിയെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രൊജക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിന് കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് മനസിലാക്കുന്നു.

അതിനിടയാക്കിയതില്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

(Visited 133 times, 1 visits today)