ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലനായ് വിവേക് ഒബ്‌റോയ്

0

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസംഅരംഭിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മാസ് എന്റര്‍ടൈയ്ന്‍മെന്റ് രചന മുരളീഗോപിയാണ്. ഷൂട്ടിഗ് ആരംഭിക്കാത്ത ചിത്രത്തെകുറിച്ച് ആവേശകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ബോളീവുഡ് താരം വിവേക് ഒബ്‌റോയ് ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരിക്കും ലൂസിഫര്‍.

ഇതിനു മുൻപ് മോഹൻലാലിനൊപ്പം ഹിന്ദിയിൽ അഭിനയിച്ചിട്ടുള്ള വിവേക് ഒബ്‌റോയ് അദ്ദേഹവുമായി വലിയ സൗഹൃദവും കാത്തു സൂക്ഷിക്കുന്നുണ്ട്. വിവേക് ഒബ്‌റോയ്‌യുടെ ആദ്യ ചിത്രം ആയിരുന്നു മോഹൻലാൽ- അജയ് ദേവ്ഗൺ എന്നിവർ അഭിനയിച്ച റാം ഗോപാൽ വർമയുടെ ഹിന്ദി ചിത്രമായ കമ്പനി. ഹിന്ദിയിലും തമിഴിലും ഉൾപ്പെടെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായ വിവേക് ഒബ്‌റോയ് തന്റെ വില്ലൻ വേഷങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ്. മോഹൻലാൽ, വിവേക് ഒബ്‌റോയ് എന്നിവരെ കൂടാതെ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരും പൃഥ്വിരാജിന്റെ ലൂസിഫർ എന്ന ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.

സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുക ദീപക് ദേവ് ആയിരിക്കും. ഈ ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഏതായാലും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷെ മോഹൻലാൽ ചിത്രമായ ഒടിയൻ കഴിഞ്ഞാൽ ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും കാത്തിരിക്കുന്നതുമായ ചിത്രമായി ഇപ്പോഴേ ലൂസിഫർ മാറി കഴിഞ്ഞു.

(Visited 57 times, 1 visits today)